തീക്കോയിയിൽ ജനകീയ കൂട്ടായ്മ നടത്തി
1460438
Friday, October 11, 2024 5:18 AM IST
തീക്കോയി: തീക്കോയി പഞ്ചായത്തിൽ മരിയസദനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ധനസമാഹരണയജ്ഞം നടത്തുന്നതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
അനാഥരും മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ 1998ൽ സ്ഥാപിതമായ പാലാ മരിയസദനത്തിൽ ഇപ്പോൾ 540ലധികം ആളുകൾ വസിക്കുന്നു. ഇടപ്പാടിയിലും പൂവരണിയിലും രണ്ട് ഏക്കറിന് മുകളിൽ സൗജന്യമായി ലഭിച്ചിട്ടുള്ള സ്ഥലത്ത് കെട്ടിടനിർമാണ ഫണ്ട് സ്വരൂപിക്കുന്നതിന് വിവിധ പഞ്ചായത്തുകളിൽ നടത്തുന്ന ജനകീയ കൂട്ടായ്മകളുടെ ഭാഗമായാണു തീക്കോയിയിലും കൂട്ടായ്മ സംഘടിപ്പിച്ചത്.
20ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മരിയസദനത്തിനായി പൊതു ധനസമാഹരണം നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ധനസമാഹരണ യജ്ഞത്തിന് നേതൃത്വം നൽകും. മഹിളാ പ്രധാൻ ഏജന്റ് സാലി ബേബി കുന്നക്കാട്ട് 15,000 രൂപ മരിയസദനത്തിന് നൽകി തീക്കോയിയിലെ ധനസമാഹരണ യജ്ഞത്തിന് തുടക്കംകുറിച്ചു.
ജനകീയ കൂട്ടായ്മയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അധ്യക്ഷത വഹിച്ചു. സന്തോഷ് മരിയസദനം, ബ്ലോക്ക് മെംബർ ഓമന ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.