പാലാ അല്‍ഫോന്‍സ കോളജിന്റെ വജ്രജൂബിലി സമാപന സമ്മേളനം
1460078
Wednesday, October 9, 2024 11:44 PM IST
പാലാ: അല്‍ഫോന്‍സ കോളജിന്റെ വജ്രജൂബിലി സമാപന സമ്മേളനം കോളജ് ഓഡിറ്റോറിയത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ സാംസ്കാരികരംഗത്തും ഭാരതത്തിന്റെ കായികരംഗത്തും അല്‍ഫോന്‍സ കോളജ് നല്കിയ വിലപ്പെട്ട സംഭാവനകളെ സുരേഷ് ഗോപി അനുസ്മരിച്ചു. കോളജിന്റെ പേരില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കായികപ്രതിഭയ്ക്കു നല്‍കാനായി മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഒരു സ്വര്‍ണ എവറോളിംഗ് ട്രോഫി എര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ കോളജിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. വജ്രജൂബിലിയോടനുബന്ധിച്ച് കോളജിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്കിയ 32 വീടുകളുടെ താക്കോല്‍ ദാനവും തദവസരത്തില്‍ നടത്തപ്പെട്ടു.
കോളജ് മാനേജരും രൂപത വികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തില്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി, മാണി സി. കാപ്പന് എംഎല്‍എ, പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.