കുറിച്ചി ഹോമിയോപ്പതിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എയിംസ് സ്ഥാപിക്കാന്‍ ശ്രമിക്കും: കൊടിക്കുന്നില്‍ സുരേഷ്
1459847
Wednesday, October 9, 2024 5:46 AM IST
ചങ്ങനാശേരി: അലോപ്പതി, ആയുര്‍വേദ ചികിത്സാ വിഭാഗങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മാതൃകയില്‍ ചങ്ങനാശേരിയിലെ കുറിച്ചിയില്‍ ഹോമിയോപ്പതിക് എയിംസ് സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള കുറിച്ചിയിലെ നാഷണല്‍ ഹോമിയോപ്പതിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്ത് (എന്എച്ച്ആര്ഐഎം) സന്ദര്‍ശിച്ച എംപി ആശുപത്രിയില്‍ നിലവില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങൾ അവലോകനം ചെയ്തു. വികസനത്തിന് ആവശ്യമായ നവീന പദ്ധതികളെക്കുറിച്ചും കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭ്യമാകേണ്ട സ്ഥിരം തസ്തികകളെക്കുറിച്ചും എംപി ആശുപത്രി അധികൃതരുമായി ചര്‍ച്ച ചെയ്തു.
രോഗികളോടും കൂട്ടിരിപ്പുകാരോടും ആശുപത്രിയുടെ പ്രവര്‍ത്തനത്തെപ്പറ്റി സംസാരിച്ച എംപി അവരില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ആശുപത്രിയിലെ കരാര്‍ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയ എംപി തൊഴിലാളികളുടെ വേതന വര്‍ധിപ്പിക്കാൻ ആവശ്യമായ ഇടപെടലുകള്‍ ആയുഷ മന്ത്രാലയത്തില്‍ നടത്താമെന്ന ഉറപ്പും നല്കി. നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിരം തസ്തികകളില്‍ അടിയന്തര നിയമനം നടത്തുന്നതിന് ആയുഷ് മന്ത്രാലയത്തിനു കത്ത് നല്‍കുമെന്നും എംപി അറിയിച്ചു.
കുറിച്ചി ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന അവലോകന യോഗത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ.കെ.സി. മുരളീധരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് വികസനത്തിനാവശ്യമായ എല്ലാ പിന്തുണയും യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി വാഗ്ദാനം ചെയ്തു. യോഗത്തില്‍ തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുറിച്ചി ഹോമിയോപ്പതിക് ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണജൂബിലി നിറവിലാണ്. 1958ല്‍ കുറിച്ചി സചിവോത്തമപുരത്ത് ആതുരാശ്രമം മഠാധിപതി ആതുരദാസ് സ്വാമികള്‍ ആരംഭിച്ച ഈ ആതുരാലയം 1974ല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റെടുത്തു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആധുനിക ഹോമിയോപ്പതി ചികിത്സാ സംവിധാനമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണിത്.