നെടുംകുന്നം-മാന്തുരുത്തി റോഡ് നവീകരണമെന്ന്: യാത്രക്കാർ
1459846
Wednesday, October 9, 2024 5:46 AM IST
മാന്തുരുത്തി: "അധികൃതരേ കണ്ണുതുറക്കു.... ഞങ്ങളുടെ യാത്ര സുരക്ഷിതമാക്കൂ’എംഎൽഎയടക്കമുള്ള ജനപ്രതിനിധികളോട് ഇങ്ങനെ പറയുന്നത് നെടുംകുന്നം-മാന്തുരുത്തി റോഡിലൂടെ ദിനംപ്രതി സഞ്ചരിക്കുന്ന നൂറുകണക്കിന് യാത്രക്കാരാണ്.
ജില്ലയിലെ തന്നെ ആദ്യകാല പിഡബ്ല്യുഡി റോഡുകളിലൊന്നാണ് മൂന്നു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള മാന്തുരുത്തി- നെടുംകുന്നം റോഡ്. ഈ റോഡ് തകർന്നിട്ട് വർഷങ്ങളായി. കോട്ടയം- ശബരിമല പാതയുടെ ഭാഗമായി ഉന്നതനിലവാരത്തിൽ നിർമിക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 13 കോടിയോളം രൂപ വകയിരുത്തിയിരുന്നു. എന്നാൽ, പിന്നീടു വന്ന ഭരണാധികാരികൾ ഈ പദ്ധതി മരവിപ്പിക്കുകയായിരുന്നുവെന്ന ആക്ഷേപമുണ്ട്.
ചങ്ങനാശേരി- വാഴൂർ റോഡിനെയും ചങ്ങനാശേരി- മണിമല റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡ് കുളത്തൂർമൂഴി, പുന്നവേലി, കാവനാൽക്കടവ്, മണിമല, റാന്നി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു കോട്ടയം, പാലാ തുടങ്ങിയിടങ്ങളിലേക്കുള്ള ദൂരം കുറഞ്ഞ പാതയാണ്. റോഡിന്റെ ശോച്യാവസ്ഥ ജനങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ പുനർനിർമാണത്തിനായി കോടികൾ അനുവദിച്ചെന്ന പ്രസ്താവന ഇറക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് പുനര്‍നിര്‍മിക്കാന്‍ നാലുകോടി രൂപ അനുവദിച്ചിതായി നാലു വർഷം മുമ്പ് അധികൃതർ അറിയിച്ചെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. റോഡ് പൂര്‍ണമായി തകര്‍ന്നതോടെ പല ഭാഗങ്ങളിലും കാൽനടയാത്രപോലും ദുഷ്കരമായി.
മഴ പെയ്താല്‍ റോഡില്‍ ചെളിവെള്ളക്കെട്ടാണ്. കുഴികളുടെ എണ്ണവും വലിപ്പവും വര്‍ധിച്ചതോടെ കാല്‍നടപോലും ദുഷ്കരമാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ ഒരു വശം ജല്‍ ജീവന് പദ്ധതിയുടെ ഭാഗമായി കുത്തിപ്പൊളിച്ചിട്ടുമുണ്ട്. തിരക്കേറിയ ഈ പിഡബ്ലുഡി റോഡിന്റെ നിര്‍മാണം വൈകുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉള്ളത്.
അഞ്ചര മീറ്റര്‍ വീതിയിലാണ് റോഡ് പുനര്‍നിര്‍മിക്കുന്നത്. ഓടയും കലുങ്കുകളുമടക്കം പുനര്‍നിര്‍മിക്കാനാണ് പദ്ധതി. ഇതിനായി തുക അനുവദിച്ചതല്ലാതെ നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഒന്നര വര്‍ഷം മുന്‍പ് റവന്യു-പിഡബ്ലുഡി അധികൃതരെത്തി അളവെടുത്ത് പോയിരുന്നു. മാന്തുരുത്തി കവലയ്ക്ക് സമീപം റോഡിനോട് ചേര്‍ന്ന് വലിയൊരു കരിങ്കല്‍ക്കെട്ട് നിര്‍മിക്കേണ്ടതുണ്ട്. ആദ്യം തയ്യാറാക്കിയ പദ്ധതി രേഖയ്ക്ക് അംഗീകാരം കിട്ടിയില്ല. രണ്ടാമത് സമര്‍പ്പിച്ച പദ്ധതി രേഖയാണ് അംഗീകരിച്ചത്.
ജല്‍ ജീവന് മിഷന്റെ പൈപ്പുകള്‍ സ്ഥാപിക്കാതെ നിര്‍മാണമാരംഭിക്കാന്‍ കഴിയില്ലെന്നും മറ്റ് തടസങ്ങളൊന്നും നിലവിൽ ഇല്ലെന്നും ചീഫ് വിപ്പ് എന്‍. ജയരാജ് പറയുന്നു.