ചങ്ങനാശേരിയില്‍നിന്നുള്ള കായംകുളം കെഎസ്ആര്‍ടിസി ബസ് നിര്‍ത്താന്‍ നീക്കം
1459839
Wednesday, October 9, 2024 5:45 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍നിന്നും ഉച്ചകഴിഞ്ഞ് 3.30ന് കായംകുളത്തിനുള്ള കെഎസ്ആര്‍ടിസി ഫാസ്റ്റ്പാസഞ്ചര്‍ ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കം. ഈ സര്‍വീസ് നിര്‍ത്തി ആലപ്പുഴയ്ക്ക് സര്‍വീസ് നടത്തി റൂട്ടു പുന:ക്രമീകരിക്കാനാണ് ഡിപ്പോ അധികൃതരുടെ ആലോചന. തിരുവല്ല, മാന്നാര്‍, മാവേലിക്കര വഴി കായംകുളത്തിന് കഴിഞ്ഞ ഏഴുവര്‍ഷമായി സര്‍വീസ് നടത്തിവരുന്ന ബസാണിത്. ഈ ബസ് ഓച്ചിറ വഴി കരുനാഗപ്പള്ളിയിലേക്ക് നീട്ടണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് സര്‍വീസ് നിര്‍ത്തി ആലപ്പുഴയിലേക്കു മാറ്റാന്‍ ശ്രമംനടക്കുന്നത്.
പുലര്‍ച്ചെ 4.40ന് ചങ്ങനാശേരിയില്‍നിന്നു കറുകച്ചാല്വഴി നെടുങ്കണ്ടത്തേക്കു പുറപ്പെടുന്ന ഈ സര്‍വീസ് 9.30ന് അവിടെയെത്തും. പത്തിന് തിരികെ പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ഡിപ്പോയിലെത്തും. അവിടെനിന്നു മൂന്നിന് കായംകുളം ബോര്‍ഡ് വച്ച് പുറപ്പെടുന്ന ബസ് ചങ്ങനാശേരി വഴിയാണ് കായംകുളത്തേക്കു പോകുന്നത്. അവിടെനിന്നു തിരികെ 5.10ന് പുറപ്പെട്ട് 6.45ന് ചങ്ങനാശേരിയിലെത്തി അവസാനിക്കുന്ന വിധമാണ് സര്‍വീസിന്റെ ഷെഡ്യൂള്‍. ഇരുപതിനായിരത്തോളം രൂപ വരുമാനമുള്ള സര്‍വീസാണിത്.
ഈ സര്‍വീസ് കായംകുളം ഭാഗത്തുള്ള ഉദ്യോഗസ്ഥരടക്കം ആളുകള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. കായംകുളം ട്രിപ്പ് വേണ്ടെന്നു വച്ച് ആലപ്പുഴയിലേക്കു മാറ്റിയാല്‍ വരുമാനം കുറയുന്നതിനൊപ്പം കായംകുളം മേഖലയിലേക്കുള്ള യാത്രക്കാരുടെ ദുരിതം ഏറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.