റബര്‍ ബഡ് തൈകള്‍ക്ക് ക്ഷാമം
1458978
Saturday, October 5, 2024 3:48 AM IST
കോട്ടയം: മെച്ചപ്പെട്ട റബര്‍ ബഡ് തൈകള്‍ക്ക് കടുത്ത ക്ഷാമം. മുന്‍നിര സ്വകാര്യ നഴ്സറികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ നഴ്സറി തുടങ്ങി അവിടെ തമ്പടിച്ചതോടെ കേരളത്തില്‍ തൈ ഉത്പാദനം നാമമാത്രമായി.
ആസാം, ത്രിപുര, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ കേരളത്തില്‍നിന്നുള്ള ഇരുപത് നഴ്സറികള്‍ വന്‍തോതില്‍ തൈകള്‍ ഉത്പാദിപ്പിച്ച് അവിടെ വിറ്റഴിക്കുന്നു. 400 ഏക്കര്‍ സ്ഥലത്താണ് അവിടെ ഇക്കൊല്ലത്തെ തൈ ഉത്പാദനം.
റബര്‍ ബോര്‍ഡിന്റെയും ടയര്‍ ഉത്പാദകസംഘടനയുടെയും സഹായം അവിടെ ഉദാരമായി ലഭിക്കുന്നതും നഴ്സറി വ്യാപനത്തിനു കാരണമായി. ഉത്പാദിപ്പിക്കുന്ന തൈകള്‍ പൂര്‍ണമായി റബര്‍ ബോര്‍ഡ് വാങ്ങി കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യുന്നു.
കേരളത്തില്‍ നിലവാരമുള്ള ആര്‍ആര്‍ഐഐ 105 ഇനം ബഡ് തൈകള്‍ക്കാണ് ഏറ്റവും ക്ഷാമം നേരിടുന്നത്. അത്യുത്പാദനശേഷി അവകാശപ്പെട്ട് കര്‍ഷകരില്‍ എത്തിച്ച ആര്‍ആര്‍ഐഐ 400 സീരീസ് ക്ലോണുകള്‍ കേരളത്തിലെ തോട്ടങ്ങളില്‍ പരാജയപ്പെട്ടതിനാല്‍ 105 ക്ലോണ്‍ ഇനത്തിലേക്ക് മാറാന്‍ താത്പര്യപ്പെടുന്ന കര്‍ഷകരുണ്ട്.
430, 414 ഇനങ്ങള്‍ക്ക് ഓരോ പ്രദേശത്തും വ്യത്യസ്തമാണ് ഉത്പാദനക്ഷമത. മുന്‍കാലങ്ങളില്‍ നാടന്‍ റബറുകളുടെ കുരു ശേഖരിച്ച് പാകിയാണ് മികച്ച ക്ലോണ്‍ ഇനങ്ങള്‍ ബഡ് ചെയ്തിരുന്നത്. മാര്‍ത്താണ്ഡം, കന്യാകുമാരി പ്രദേശങ്ങളില്‍നിന്നുള്ള മലയന്‍ ഇനം റബറിന്റെ കുരുവാണ് 105 ഇനം ബഡിംഗിന് കൂടുതല്‍ പ്രയോജനപ്പെടുത്തിയിരുന്നത്.
നിലവില്‍ ബഡ് റബര്‍ മരങ്ങളുടെ കുരു ശേഖരിച്ച് പാകിയാണ് ഏറെയിടങ്ങളിലും ബഡിംഗ്. മാതൃവൃക്ഷത്തിന്റെ കരുത്ത് ഇക്കാരണത്താല്‍ ബഡ് മരങ്ങള്‍ക്ക് ലഭിക്കാതെ വരുന്നതിനാല്‍ മരത്തിന് കേട് കൂടി. ഉത്പാദനത്തില്‍ കുറവും സംഭവിച്ചു. കര്‍ഷകര്‍ താത്പര്യപ്പെടുന്ന ക്ലോണുകള്‍ വേണ്ടത്ര ആവശ്യമനുസരിച്ച് ഉത്പാദിപ്പിക്കാന്‍ റബര്‍ ബോര്‍ഡും താത്പര്യം കാണിക്കുന്നില്ല.
അര നൂറ്റാണ്ടിലേറെയായി മണിമല മുക്കടയില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന റബര്‍ ബോര്‍ഡിന്റെ നഴ്സറിയിലും ആവശ്യമനുസിച്ച് തൈകള്‍ ഉത്പാദിപ്പിക്കാനാകുന്നില്ല. മാത്രവുമല്ല സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് അനുവദിച്ച ഈ സ്ഥലം വ്യവസായ പാര്‍ക്ക് നിര്‍മിക്കാനെന്ന പേരില്‍ തിരികെയെടുക്കാനുള്ള നീക്കത്തിലുമാണ്.
ആഗോളഡിമാന്ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടയര്‍ ഉത്പാദനത്തിലും വര്‍ധവിന് സാഹചര്യമുണ്ട്. അഞ്ചു വര്‍ഷത്തേക്ക് റബര്‍ വില മെച്ചപ്പെട്ടു നില്‍ക്കുമെന്ന സാധ്യതയില്‍ പലരും റബര്‍ കൃഷിയിലേക്ക് മടങ്ങിവരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ തൈകള്‍ക്ക് ആവശ്യക്കാരേറി. കൈമോശം സംഭവിച്ച 105 ക്ലോണ്‍ പഴയ ഉത്പാദനക്ഷമതയോടെ തിരികെ കൊണ്ടുവരാന്‍ റബര്‍ ഗവേഷണകേന്ദ്രവും ശ്രമിച്ചുവരികയാണ്.