പുഞ്ചിരിക്കുന്ന മുഖം, സൗമ്യഭാവം ഓണംകുളം അച്ചന് വേറിട്ട വ്യക്തിത്വം
1458880
Friday, October 4, 2024 6:08 AM IST
ചങ്ങനാശേരി: പുഞ്ചിരിക്കുന്ന മുഖം, കാരുണ്യം നിറഞ്ഞ മനസ്. സൗമ്യഭാവം. വേറിട്ടൊരു വൈദികനാണ് വിടവാങ്ങിയ ഫാ. ഗ്രിഗറി ഓണംകുളം.
ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി ആയിരുന്നു ആദ്യ നിയമനം. പറാലില്‍ വികാരിയായിരിക്കെ പറാലിലേക്കുള്ള റോഡും പാലവും നിര്‍മിക്കാന്‍ നേതൃത്വം നല്കി. ഇടവകകളിലും സംഘടനകളിലും പ്രവര്‍ത്തിക്കുമ്പോള്‍ ഏതു കഠിനമായ വെല്ലുവിളികളെയും നേരിടാനുള്ള കര്‍മധീരത അദ്ദേഹത്തിനുണ്ടായിരുന്നു. മാടപ്പള്ളി ഇടവകയ്ക്ക് പുതിയ സെമിത്തേരിയും പാരീഷ് ഹാളും നിര്‍മിച്ചു. തുരുത്തിയില്‍ അദ്ദേഹം വികാരിയായിരിക്കെയാണ് ഇടവകയെ ഫൊറോനയായി ഉയര്‍ത്തിയത്.
കുട്ടനാടിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് കല്ലൂര്‍ക്കാടിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അച്ചന് നടത്തിയ പരിശ്രമങ്ങള്‍ സ്മരണീയമാണെന്ന് ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്കാ ഇടവകാംഗങ്ങള്‍ പറഞ്ഞു.
ചെത്തിപ്പുഴ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരം ചമ്പക്കുളം ഓര്‍ശലേം പള്ളിയില്‍ പോയി അച്ചന് തിരുനാളിന്റെ കൊടിയേറ്റുകര്മവും നിര്‍വഹിച്ചു. തിരികെ ആശുപത്രിയിലെത്തി ഏറെസമയം കഴിയുന്നതിനുമുമ്പ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹം വിട്ടുപിരിയുകയായിരുന്നു.