കാൽ വഴുതി കിണറ്റിൽ വീണ വയോധികയുടെ ജീവൻ രക്ഷിച്ചു പൊതുപ്രവർത്തകൻ
1458877
Friday, October 4, 2024 5:56 AM IST
വൈക്കം: കാൽവഴുതി കിണറ്റിൽ വീണ എഴുപത്തിയൊന്പതുകാരിയെ ഫയർഫോഴ്സ് എത്തുന്നതുവരെ കിണറ്റിൽ ഇറങ്ങി താങ്ങിനിർത്തി ജീവൻ രക്ഷിച്ച് പൊതുപ്രവർത്തകൻ. ചെമ്പ് ബ്രഹ്മമംഗലം ചിറേക്കാലായിൽ സരോജിനി (79)യെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.കെ. കൃഷ്ണകുമാർ രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. വീട്ടുവളപ്പിലെ കിണറ്റിൽ വയോധിക വീണതിനെ തുടർന്ന് ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി. കിണറ്റിൽ വയോധികയാണെന്നറിഞ്ഞതോടെ വീട്ടുകാർ സഹായത്തിനായി സമീപവാസികളെ വിളിച്ചു. ശബ്ദം കേട്ട് അയൽക്കാരനായ കൃഷ്ണകുമാർ പാഞ്ഞെത്തി കിണറ്റിലിറങ്ങി വയോധികയെ മുങ്ങിത്താഴാതെ താങ്ങിനിർത്തി.
വൈക്കത്തുനിന്നും ഫയർഫോഴ്സ് എത്തുന്നതുവരെ ഇവർ വെള്ളത്തിൽ മുങ്ങിപ്പോകാതെ ഉയർത്തിപ്പിടിച്ച് നിർത്തിയാണ് ജീവൻ രക്ഷിച്ചത്. കൃഷ്ണകുമാറിനു പിന്നാലെ സഹായത്തിനായി സമീപവാസിയായ മോഹനനും കിണറ്റിൽ ഇറങ്ങി. തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി കപ്പിയും കയറും ഉപയോഗിച്ച് നെറ്റിൽ കയറ്റിയാണ് വയോധികയെ കരയ്ക്കെത്തിച്ചത്. വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘവും തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എസ്ഐ അർജുനന്റെ നേതൃത്വത്തിലുള്ള സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
കിണറ്റിലേക്കുള്ള വീഴ്ച്ചയിൽ കാലിനും മറ്റും സാരമായി പരിക്കേറ്റ വയോധികയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് കാലത്ത് നാല്പത് ദിവസം തന്റെ സ്വന്തം ടാക്സിയിൽ ഫ്രീ സർവീസായി കോവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും ആശുപത്രിയിൽനിന്ന് വീട്ടിലേക്കു കൊണ്ടുപോകുന്നതിനും കോവിഡ് ടെസ്റ്റ് നടത്തുന്നതിനും ജനങ്ങൾ താങ്ങായിനിന്ന കൃഷ്ണകുമാറിന്റെ അവസരോചിതമായ ഇടപെടലാണ് വയോധികയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.