കാളവണ്ടിയുമായെത്തി തകര്‍ന്നു കിടക്കുന്ന റോഡിലെ കുഴിയില്‍ കാളകളെ കുളിപ്പിച്ച് പ്രതിഷേധം
1458876
Friday, October 4, 2024 5:56 AM IST
കടുത്തുരുത്തി: കാളവണ്ടിയുമായെത്തി തകര്‍ന്ന് കിടക്കുന്ന റോഡിലെ കുഴിയില്‍ കാളകളെ കുളിപ്പിച്ചു നാട്ടുകാരന്റെ പ്രതിഷേധം. ഏറേ കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന ഞീഴൂര്‍ - അറുനൂറ്റിമംഗലം റോഡിലെ ഞീഴൂര്‍ ജൂബിലി ജംഗ്ഷന് സമീപത്തെ കുഴിയിലാണ് കാളകളെ കുളിപ്പിച്ചു നാട്ടുകാരന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. ഞീഴൂര്‍ പാറശേരിയില്‍ പി.ടി. ചാക്കോയാണ് പ്രതിക്ഷേധിക്കുന്നതിനായി തന്റെ കാളവണ്ടിയയോടിച്ചെത്തിയത്. ചാക്കോയെക്കൊപ്പം പ്രദേശവാസികളായ നാട്ടുകാരും പഞ്ചായത്തംഗം ശരത് ശശിയും പങ്കെടുത്തു.
ഞീഴൂര്‍ പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന റോഡാണിത്. ഞീഴൂര്‍ - അറുനൂറ്റിമംഗലം - കീഴൂര്‍ റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് നാട്ടുകാര്‍ പറയുന്നു. എംസി റോഡിലെ കുറവിലങ്ങാട് നിന്നും ആലപ്പുഴ - മധുര സംസ്ഥാന പാതയിലേക്ക് ബന്ധിപ്പിക്കാവുന്ന എളുപ്പ വഴി കൂടിയാണിത്. നിരവധിതവണ അധികൃതരുമായി ബന്ധപെട്ടിട്ടും റോഡ് നന്നാക്കാന്‍ യാതൊരു നടപടികളും ഉണ്ടായില്ലെന്ന് ശരത് ശശി പറഞ്ഞു. റോഡ് നന്നാക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ നാട്ടുകാരെ സംഘടിപ്പിച്ചു പ്രതിഷേധ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശരത് പറഞ്ഞു.
അഞ്ച് വര്‍ഷത്തിലേറെയായി റോഡ് തകര്‍ന്നു കിടക്കുന്ന അവസ്ഥയാണ്. പൊട്ടിപൊളിഞ്ഞ റോഡിലൂടെ കാല്‍നട യാത്ര പോലും കഴിയാത്ത അവസ്ഥയാണ്. അറുനൂറ്റിമംഗലം മുതല്‍ കീഴൂര്‍ വരെയുള്ള റോഡിലൂടെ കടുത്തുരുത്തിയിലേക്ക് പൈപ്പ് ലൈന്‍ ഇടാന്‍ വേണ്ടി കുത്തിപൊളിച്ചിട്ടതോടെയാണ് കാല്‍നട പോലും കഴിയാത്ത അവസ്ഥയിലേക്കു റോഡിനെ എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
പൈപ്പ് ലൈന്‍ ഇട്ടിട്ട് മാസങ്ങളായിട്ടും റോഡ് ടാര്‍ ചെയ്യാന്‍ നടപടിയായില്ല. റോഡില്‍ ടാറിംഗ് ഇളകാത്ത ഒരു സ്ഥലം പോലും ഇല്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കീഴൂര്‍ ഭാഗത്ത് നിന്ന് അറുനൂറ്റിമംഗലത്തേക്ക് സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നത് മുഴയുംമൂട് വഴിയാണ്. ജൂബിലി ജംഗ്ഷന് കൂടാതെ അറുനൂറ്റിമംഗലത്ത് നിന്ന് ഞീഴൂര്ക്കുള്ള വഴിയില്‍ പോട്ടിക്കവല, ഇന്ദിര ജംഗ്ഷന്, പാറശേരി എന്നിവിടങ്ങളിലെല്ലാം അവസ്ഥയും പരിതാപകരമാണ്. ദിവസവും സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്.