കുറി തൊടാൻ പത്തു രൂപ; ലേലം പിൻവലിക്കാൻ നീക്കം
1458764
Friday, October 4, 2024 3:26 AM IST
എരുമേലി: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരോട് എരുമേലി ക്ഷേത്രത്തിൽ പൊട്ട്, കുറി തൊടുന്നതിന് പത്ത് രൂപ നിരക്ക് ഏർപ്പെടുത്തി സ്റ്റാളുകൾ പത്തു ലക്ഷം രൂപയ്ക്ക് ലേലം ചെയ്ത നടപടി വിവാദമായതോടെ പിൻവലിക്കാൻ ദേവസ്വം ബോർഡിൽ നീക്കം. ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ബോർഡ് യോഗത്തിൽ ഇതേച്ചൊല്ലി അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചതോടെ ലേലം റദ്ദാക്കണമെന്ന് അഭിപ്രായം ഉയർന്നിരുന്നു.
ലേലം നടന്നത് അറിഞ്ഞില്ലെന്ന് അംഗങ്ങൾ പറഞ്ഞു. വാർത്തകൾ വന്നതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. തുടർന്ന് വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധം അറിയിച്ചു. അയ്യപ്പ സേവാ സമാജം ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഹർജി ഇന്ന് ഫയൽ ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറിയും എരുമേലി സ്വദേശിയുമായ മനോജ് എസ്. നായർ പറഞ്ഞു.
ശബരിമല സീസണിൽ എരുമേലിയിൽ അയ്യപ്പഭക്തർക്കു വേണ്ടി രാത്രിയും പകലും തുറന്നു പ്രവർത്തിക്കുന്ന താത്കാലിക കടകളിൽ സിന്ദൂരം, ഭസ്മം, ചന്ദനം എന്നിവ മുമ്പ് സൗജന്യമായാണ് നൽകിയിരുന്നത്. കാപ്പി, ചായ, പേട്ടതുള്ളൽ സാധനങ്ങൾ വിൽക്കുന്ന ഇത്തരം കടകളിൽ ഭക്തരെ ആകർഷിക്കാനും കടയിലെ സാധനങ്ങൾ വിൽക്കാനും വേണ്ടിയാണ് വർഷങ്ങൾക്ക് മുമ്പ് സൗജന്യമായി പൊട്ട്, കുറി എന്നിവ ചാർത്തലിന് സൗകര്യം ചെയ്തിരുന്നത്.
പിന്നീട് ഈ സ്റ്റാളുകളിൽ സംഭാവനപ്പെട്ടി വയ്ക്കാൻ തുടങ്ങി. ഇഷ്ടമുള്ള ഭക്തർ ഇതിൽ ഇടുന്ന നേർച്ചപ്പണം പ്രതീക്ഷിക്കുന്ന നിലയിൽ വ്യാപാര സാധ്യത ഉയർന്നതോടെ പിന്നീട് ഇതിന് ഫീസ് ഈടാക്കാനും ഇതേത്തുടർന്ന് ഇത്തവണത്തെ ശബരിമല സീസൺ മുതൽ ലേലത്തിലൂടെ വരുമാനം നേടാനും നീക്കമായതാണ് ഇപ്പോൾ റദ്ദാക്കുന്നതിലേക്കെത്തി നിൽക്കുന്നത്.