മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം, മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയര്‍പ്പണം
1458513
Thursday, October 3, 2024 1:55 AM IST
ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിപുലമായ ഒരുക്കങ്ങള്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ഇടയന് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിനും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയര്പ്പണത്തിനുമായി ചങ്ങനാശേരിയിൽ വിപുലമായ ക്രമീകരണങ്ങള്‍ ഒരുങ്ങുന്നു. 31ന് രാവിലെ ഒമ്പതിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് സ്ഥാനാരോഹണ ശുശ്രൂഷകളും പൊതുസമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്.
അതിരൂപതയിലെ മുഴുവന്‍ വൈദികരും സാമന്തരൂപതകളിലെ വികാരി ജനറാള്‍മാരും വൈദിക പ്രതിനിധികളും മറ്റു വൈദികരും ചടങ്ങില്‍ സന്നിഹിതരാകും. മാര്‍ തോമസ് തറയിലിന്റെ അമ്മയും സഹോദരങ്ങളും കുടുംബാംഗങ്ങളും ധന്യനിമിഷത്തിന് സാക്ഷികളാകും. സമര്‍പ്പിതരും അല്മായരുമടക്കം പതിനായിരത്തില്പരം വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കുചേരും.
17 വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയെ നയിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സമ്മേളനത്തില്‍ അതിരൂപതയുടെ പ്രത്യേക ഉപഹാരം സമര്‍പ്പിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.
പന്തല്‍ ഒരുങ്ങുന്നു
മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണ തിരുക്കര്‍മങ്ങള്‍ക്കും പൊതുസമ്മേളനത്തിനുമായി മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ വിശാലമായ പന്തല്‍ ഒരുങ്ങുന്നു. പന്തലിന്റെ കാല്‍നാട്ടുകര്‍മം വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
റവ. ഡോ. തോമസ് കറുകക്കളം, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. മാത്യു മാളിയേക്കല്‍, മെത്രാപ്പോലീത്തന്‍ പള്ളി കൈക്കാരന് ജോമി കാവാലംപുതുപ്പറമ്പില്, സന്യസ്ത അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിപുലമായ കമ്മിറ്റികള്‍, 750 വോളന്റിയര്‍മാര്‍
സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കാന് മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍ ജനറല്‍ കണ്‍വീനറായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, കൂരിയ അംഗങ്ങള്‍, ഫാ. തോമസ് കറുകക്കളം,
ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവരുടെ നേതൃത്വത്തില്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ വിവിധ കമ്മിറ്റികളും മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, കൈക്കാരന്മാര് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. 750പേരുടെ വോളന്റിയര്‍ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
പ്രാര്‍ഥനായജ്ഞം
മാര്‍ തറയിലിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കമായി അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പ്രത്യേക പ്രാര്‍ഥന നടന്നുവരുന്നു.
സ്വാഗതസംഘം ഓഫീസ്
സ്ഥാനാരോഹണ പരിപാടികള്‍ ആഘോഷപൂര്‍വവും ചിട്ടയായും ക്രമമായും നടത്തുന്നതിനായി അതിരൂപതാ കേന്ദ്രത്തില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.