പാഴ്വസ്തുക്കളിൽനിന്ന് ചിത്രങ്ങൾ സൃഷ്ടിച്ച് റെജി തോമസ്
1454710
Friday, September 20, 2024 7:05 AM IST
കോട്ടയം: തുണിക്കഷണങ്ങളും കടലാസ് കഷ്ണങ്ങളും ഉണ്ടെങ്കിൽ നിഷ്പ്രയാസം ചിത്രം റെഡിയാക്കാമെന്ന് തെളിയിക്കുകയാണ് കറുകച്ചാൽ മാന്തുരുത്തി സ്വദേശിയായ റെജി തോമസ്.
കഥകളി രൂപങ്ങളും വിവിധ തരത്തിലുള്ള ചിത്രങ്ങളും കടലാസും തുണിയും കൊണ്ട് നിർമിച്ചെടുക്കുക്കുന്ന റെജി കെഎസ്ആർടിസി ടിക്കറ്റുകളും ചിത്രത്തിനായി ഉപയോഗിക്കാറുണ്ട്. കാൽനൂറ്റാണ്ടായി ചിത്രരചനാ രംഗത്തുണ്ട് റെജി.
കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ റെജിയുടെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. 23 വരെ പ്രദർശനം ഉണ്ട്. പെൻസിലും നിറങ്ങളും ഉപയോഗിച്ചു കാൻവാസിൽ തീർക്കുന്ന ചിത്രങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണ് ഇവ.
മനുഷ്യർ ഉപയോഗ ശൂന്യമായി പാഴാക്കുന്നവയെയാണ് ചിത്ര നിർമാണത്തിനായി ഇദ്ദേഹം ഉപയോഗിക്കുന്നത്. ഇത് കാണാനായി എത്തുന്നവർ ധാരാളമാണ്.