ഇടുക്കി ഡാമിൽ 2374.82 അടിവെള്ളം
1454467
Thursday, September 19, 2024 11:31 PM IST
തൊടുപുഴ: സംസ്ഥാനത്ത് മണ്‍സൂണ്‍ സീസണ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇടുക്കി അണക്കെട്ടിൽ 2374.82 അടിവെള്ളമാണ് നിലവിലുള്ളത്. ഇതു സംഭരണശേഷിയുടെ 69 ശതമാനമാണ്. ഇനി തുലാവർഷത്തിലാണ് പ്രതീക്ഷ. തുലാവർഷം ശക്തമായാൽ അണക്കെട്ടിൽ ജലനിരപ്പ് ഇനിയും ഉയരും. കഴിഞ്ഞ വർഷം ഇതേ ദിവസം 2335.44 അടിയായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 34 ശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിലവിൽ 39.38 അടിവെള്ളം ഇത്തവണ കൂടുതലുണ്ട്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 71 ശതമാനം വെള്ളവുമുണ്ട്.
കഴിഞ്ഞ വർഷം ഇതേ ദിവസം എല്ലാ അണക്കെട്ടുകളിലുമായി 44 ശതമാനം വെള്ളമാണുണ്ടായിരുന്നത്. ഇത്തവണ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതിനാൽ അണക്കെട്ടിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തിയത് വേനലിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും. കഴിഞ്ഞ വേനലിൽ സംസ്ഥാനത്ത് ഉപഭോഗം റിക്കാർഡ് ഭേദിച്ചിരുന്നു. പുറത്തുനിന്നും അധിക വില നൽകിയാണ് വൈദ്യുതി എത്തിച്ചത്. ഇതു വൈദ്യുതി ബോർഡിന് കടുത്ത സാന്പത്തിക നഷ്ടത്തിന് കാരണമായിരുന്നു.
സംസ്ഥാനത്ത് മഴകുറഞ്ഞതോടെ പലയിടത്തും ചൂട് വർധിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് 85.220 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. 32.790 ദശക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ 52.429 യൂണിറ്റ് പുറത്തുനിന്നും എത്തിച്ചു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ബോർഡിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി വെള്ളം കൂടുതലുള്ളതിനാൽ ബോർഡിന് വലിയ തലവേദന ഒഴിവാകും. എന്നാൽ വേനലിൽ ചൂട് കൂടുതൽ ദിവസങ്ങൾ നീണ്ടുനിന്നാൽ വൈദ്യുതി ഉപഭോഗം ക്രമാതീതമായി ഉയരുകയും മുൻ വർഷത്തെ പോലെ പുറമെ നിന്നും വൈദ്യുതി എത്തിക്കേണ്ട സാഹചര്യവുമുണ്ടാകും.