വ്യാപാരസ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരുന്നതായി പരാതി
1454446
Thursday, September 19, 2024 7:17 AM IST
ചങ്ങനാശേരി: നഗരത്തിലെയും സമീപ ജംഗ്ഷനുകളിലെയും വ്യാപാര സ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരുന്നത് പോലീസിനും നാട്ടുകാര്‍ക്കും തലവേദനയാകുന്നു.
തിരുവോണനാളില്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റ്, സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ ഫ്യൂസ് ഊരി. വൈദ്യുതി ബന്ധം നിലച്ചതോടെയാണ് ഫ്യൂസ് നഷ്ടമായ വിവരം ആളുകള്‍ക്ക് മനസിലായത്.
വലിയകുളത്തുള്ള ബ്യൂട്ടി പാര്‍ലറിന്റെ സമീപത്തുള്ള ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസും നഷ്ടമായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും മധ്യവയസ്കനായ ആളാണ് ഇതിനു പിന്നിലെന്ന് പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. മാനസിക ന്യൂനതയുള്ളയാളായതിനാല് ഇയാളെ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റുമെന്നു പോലീസ് പറഞ്ഞു.
ഇതേസമയം പള്ളിക്കത്തോട്, രാമപുരം, പാല, പാമ്പാടി, കറുകച്ചാല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസ് ഊരിമാറ്റി സമീപങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷണം നടത്തുന്ന സംഘങ്ങളെക്കുറിച്ചു പോലീസ് അന്വേഷണം നടത്തുന്നുണ്ട്.