അക്കരപ്പാടം പാലം അപ്രോച്ച് റോഡിന്റെ നിർമാണം തുടങ്ങി
1454438
Thursday, September 19, 2024 7:01 AM IST
വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം നിവാസികളുടെ ചിരകാല സ്വപ്നമായ അക്കരപ്പാടം - കൂട്ടുങ്കൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. മൂവാറ്റുപുഴയാറിന്റെ കൈവഴിക്കു കുറുകെ വിഭാവനം ചെയ്ത പാലം പൂർത്തിയായതിനെ തുടർന്ന് പാലത്തിന്റെ നാനാടം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണമാണിപ്പോൾ ആരംഭിച്ചിരിക്കുന്നത്.
പാലം നവംബറിൽ ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേമ്പനാട്ടുകായലും മൂവാറ്റുപുഴയാറും അതിരിടുന്ന അക്കരപ്പാടം നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ്.
യാത്രാദുരിതം പേറി അവികസിതമായ ജീവിത ചുറ്റുപാടിൽ കഴിഞ്ഞുവന്ന നിർധന കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഗതാഗത യോഗ്യമായ പാലത്തിനായി മുറവിളികൂട്ടി വരികയായിരുന്നു. പലതവണ തുക അനുവദിച്ച് മണ്ണുപരിശോധന നടന്നെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങുകയായിരുന്നു. പാലം നിർമിക്കുന്ന നാനാടം - കൂട്ടുങ്കൽ ഫെറിയുടെ ഇരുകരകളിലും റോഡിന്റെ വീതികുറവായിരുന്നു പാലം നിർമാണത്തിനു പ്രധാന തടസമായി നിന്നിരുന്നത്.
പാലം യാഥാർഥ്യമാക്കണമെന്ന പ്രദേശവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അക്കരപ്പാടം ശശി ചെയർമാനും എ.പി. നന്ദകുമാർ ചെയർമാനുമായുള്ള ജനകീയ കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായി റോഡിന് വീതികൂട്ടാൻ സ്ഥലമേറ്റെടുത്തതോടെയാണ് പാലം നിർമാണം യാഥാർഥ്യത്തിലേക്ക് എത്തിയത്.
അക്കരപ്പാടം-ഉദയനാപുരം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 150 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. ഓരോ 30 മീറ്റർ നീളത്തിലുമായി അഞ്ച് സ്പാനുകളായാണ് പാലം നിർമിക്കുന്നത്. 15.5 കോടി രൂപ വിനിയോഗിച്ചാണ്നിർമാണം.
സ്വകാര്യ കമ്പനിയായ പൂനം ഗൃഹ് നിർമാൺ ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ ചെമ്മനാകരി ഇൻഡോ- അമേരിക്ക ആശുപത്രിയിലേക്കടക്കം എളുപ്പത്തിൽ എത്താൻ കഴിയും. പതിറ്റാണ്ടുകളായി കടത്തുവള്ളത്തെയാണ് ഈ പ്രദേശത്തെ ജനങ്ങൾ ആശ്രയിച്ചുവരുന്നത്.
പാലം യാഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകുന്നതിനോടൊപ്പം അക്കരപ്പാടത്തിന്റെ വികസന മുന്നേറ്റത്തിനും വഴിയൊരുക്കുമെന്ന് സി.കെ. ആശ എംഎൽഎ പറഞ്ഞു.