ദുരന്തത്തിന്റെ ശേഷിപ്പായി റെയിൽപാളത്തിൽ സ്വർണമോതിരം
1454206
Thursday, September 19, 2024 12:02 AM IST
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനു സമീപം കഴിഞ്ഞദിവസം വിവാഹസംഘത്തിലെ മൂന്നു സ്ത്രീകൾ ട്രെയിൻതട്ടി മരിച്ച സ്ഥലത്തുനിന്നു സ്വർണമോതിരം കണ്ടെത്തി.
മഹസർ തയാറാക്കുന്നതിന്റെ ഭാഗമായി റെയിൽപാളത്തിൽ പരിശോധന നടത്തിയ പോലീസ് സംഘമാണ് ട്രാക്കിലെ ഇരുമ്പ് പ്ലേറ്റിനോടു ചേർന്ന് ചളുങ്ങിക്കിടന്ന മോതിരം കണ്ടെടുത്തത്. അരപ്പവനോളം തൂക്കം വരുന്ന മോതിരം ദുരന്തത്തിൽ മരിച്ച ഏയ്ഞ്ചലിനയുടെ വിവാഹമോതിരമാണെന്നു കരുതുന്നു. ഏയ്ഞ്ചലിനയുടെ മൃതദേഹം ലഭിച്ചതും ഈ സ്ഥലത്തിനടുത്തുനിന്നാണ്. ദുരന്തത്തിന്റെ തൊട്ടടുത്ത ദിവസമായ തിരുവോണനാളിൽ പോലീസ് റെയിൽപാളത്തിൽ പരിശോധന നടത്തിയപ്പോൾ മറ്റു ചില സ്വർണാഭരണങ്ങളുടെ ഭാഗങ്ങൾ കിട്ടിയിരുന്നു.
ബന്ധുക്കളെത്തി ആഭരണങ്ങൾ തിരിച്ചറിഞ്ഞാൽ കൂടുതൽ നടപടിക്രമങ്ങളൊന്നുമില്ലാതെ ഇവ കൈമാറുമെന്ന് ഹൊസ്ദുർഗ് പോലീസ് അറിയിച്ചു.