എന്‍എച്ച്-183 ചെങ്ങന്നൂര്‍-കോട്ടയം റീച്ച്് നിര്‍മാണം നീളുന്നു
1453826
Tuesday, September 17, 2024 5:47 AM IST
ചങ്ങനാശേരി: എന്‍എച്ച്-183 ചെങ്ങന്നൂര്‍-കോട്ടയം (എംസി റോഡ്) റീച്ച് നിര്‍മാണം നീളുന്നു. സംസ്ഥാനത്തെതന്നെ പ്രധാനപ്പെട്ട ഈ റോഡിലൂടെയുള്ള യാത്ര ദുരിതത്തില്‍. 35 കിലോമീറ്റര്‍ ദൂരംവരുന്ന ഈ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്ന് വാഹനസഞ്ചാരം ദുഷ്കരമായ നിലയിലാണ്. തിരുവല്ല, പെരുന്ന, ചങ്ങനാശേരി കെഎസ്ആര്‍ടിസി ജംഗ്ഷന്, വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂള്‍ ജംഗ്ഷന്, ചിങ്ങവനം, നാട്ടകം ഭാഗങ്ങളിലാണ് റോഡിന് തകര്‍ച്ച നേരിട്ടതുമൂലം വാഹനഗതാഗതം ബുദ്ധിമുട്ടിലായിരിക്കുന്നത്.
ഈ റോഡിലെ തിരുവല്ല, മുത്തൂര്‍, പെരുന്തുരുത്തി, ചങ്ങനാശേരി, തുരുത്തി, കുറിച്ചി, ചിങ്ങവനം കവലകളിലുള്ള ഡിവൈഡര്‍ ലൈനുകളും സീബ്രാക്രോസിംഗുകളും മാഞ്ഞ് സുരക്ഷാ ക്രമീകരണങ്ങള്‍ താളംതെറ്റിയിട്ടു വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം 36 കോടി രൂപയ്ക്ക് ഈ റോഡിന്റെ നിര്‍മാണ ജോലികള്‍ കരാറുകാരന് ഏറ്റെടുത്തുരുന്നു. തുടര്‍ന്നുള്ള നടപടികള്‍ വേഗത്തിലാകുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. റോഡിലെ കുഴികളടച്ച് ആവശ്യമുള്ളിടത്ത് ബിഎം ടാറിംഗും ബാക്കിയുള്ളിടത്ത് ബിസി നിലവാരത്തിലുള്ള ടാറിംഗും ഡിവൈഡര്‍ ലൈനുകളും സീബ്ര ക്രോസിംഗുകളും സ്ഥാപിക്കുന്നതിനുള്ള കരാറാണ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് അവസാനവാരത്തോടെ നിര്‍മാണജോലികള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടതെങ്കിലും ഇതുവരെ നിര്‍മാണ ജോലികള്‍ എങ്ങുമെത്തിയിട്ടില്ല. തുടരെ പെയ്യുന്ന മഴയാണ് റോഡ് നിര്‍മാണത്തിനു തടസമാകുന്നതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. തത്കാലം റോഡിലെ വലിയ കുഴികളെങ്കിലും അടച്ചാല്‍ നന്നായിരുന്നുവെന്നാണ് വാഹനയാത്രികർ ചൂണ്ടിക്കാട്ടുന്നത്.
ഈ റോഡിന്റെ വികസനം നടപ്പാക്കി ആറുവര്‍ഷം മുമ്പ് കെഎസ്ടിപി നാഷണല്‍ ഹൈവേ വിഭാഗത്തിനു കൈമാറിയിരുന്നു. നാഷണല്‍ ഹൈവേ അഥോറിറ്റി ഏറ്റെടുത്തതോടെയാണ് ഈ റോഡിന് എന്‍എച്ച്-183 എന്നു പേരിട്ടത്. റോഡിന്റെ നവീകരണത്തിനായി 2022ല്‍ കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം 39.48 കോടി രൂപ അനുവദിച്ചിരുന്നു. റോഡിന്റെ നിര്‍മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.