കുമരകം പഞ്ചായത്തിലെ വികസനമുരടിപ്പിനെതിരേ കോൺഗ്രസ് സമരത്തിലേക്ക്
1453036
Friday, September 13, 2024 6:27 AM IST
കുമരകം: കുമരകം പഞ്ചായത്തിന്റെ വികസനമുരടിപ്പിനെതിരേയും കോണത്താറ്റ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം വൈകുന്നതിലും ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന പൊതു ശൗചാലയം പണിതീർക്കാത്തതിലും പ്രതിഷേധിച്ച് സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
65 വർഷക്കാലം പഞ്ചായത്തു ഭരിച്ചിട്ടും 16 വാർഡുകളിലെയും വികസന പ്രവർത്തനങ്ങൾ മുരടിച്ച അവസ്ഥയിലാണ്. പാലങ്ങൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. എല്ലാ വാർഡിലെയും റോഡുകൾ കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വിവിധ വാർഡുകളിലെ വഴിവിളക്കുകൾ അണഞ്ഞിട്ടു മാസങ്ങൾ പിന്നിടുന്നു.
പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട എഇയും ഓവർസിയർമാരും ഇല്ലാതായിട്ട് നാളുകൾ ഏറെയായി. ആറുമാസംകൊണ്ട് പണി പൂർത്തീകരിക്കും എന്നുപറഞ്ഞ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി നിർമാണ ഉദ്ഘാടനം നിർവഹിച്ച കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതയുടെ നിർമാണം 27 മാസക്കാലം പിന്നിട്ടിട്ടും ഒച്ചിഴയുന്ന വേഗത്തിലാണ്.
ആയിരക്കണക്കിന് ജനങ്ങളാണ് യാത്രാ ക്ലേശം അനുഭവിക്കുന്നത്. ഇതിനെതിരേ വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.ജെ. സാബു അറിയിച്ചു. അഡ്വ. പി.കെ. മനോഹരൻ, ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ, എ.വി. തോമസ് ആര്യംപള്ളി, ചാണ്ടി മണലേൽ, പി.എ. ശശീന്ദ്രൻ, സഞ്ജയ് മോൻ ആഞ്ഞിലിപ്പറമ്പിൽ, സുരാജ് കാട്ടിശേരിയിൽ, കൊച്ചുമോൻ പൗലോസ്, ബാബു കരീത്ര, മത്തച്ചൻ, എം.കെ. ഷാജി എന്നിവർ പ്രസംഗിച്ചു.