ഓണം പടിവാതിൽക്കൽ; ആഘോഷങ്ങൾക്കു തുടക്കം
1452815
Thursday, September 12, 2024 11:26 PM IST
കാഞ്ഞിരപ്പള്ളി: ഓണം പടിവാതിൽക്കൽ എത്തിയതോടെ ടൗണിൽ ഓണവിപണി കളറായി. ആഘോഷങ്ങള്‍ സജീവമായതോടൊപ്പം ഓണക്കോടിയെടുക്കാനും സാധനങ്ങള്‍ വാങ്ങാനും ആളുകളുടെ തിരക്കേറി. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലും വസ്ത്രവ്യാപാര ശാലകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഡിസ്കൗണ്ട് ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി കമ്പനികളും വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്.
ചിറക്കടവ്: ചിറക്കടവ് മോഡൽ ആർപിഎസിന്റെയും സീനിയർ സിറ്റിസൺ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം ഇന്ന് നടക്കും. രാവിലെ പത്തിന് ചിറക്കടവ് മോഡൽ ആർപിഎസ് ഹാളിൽ നടക്കുന്ന സമ്മേളനം ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് സ്കറിയ ജോസഫ് കാരിയിൽ അധ്യക്ഷത വഹിക്കും. ആർപിഎസ് സെക്രട്ടറി ഷാജിമോൻ ജോസ്, ആർപിഎസ് പ്രസിഡന്റ് ബാബു ജോസഫ് പുതുപ്പറമ്പിൽ, ഷാജി മഞ്ഞാടിയിൽ തുടങ്ങിയവർ പ്രസംഗിക്കും.
ഉപ്പേരിയും
ശർക്കരവരട്ടിയും
ഓണാഘോഷങ്ങൾ സജീവമാകുമ്പോൾ പ്രധാന വിഭവമായ ഉപ്പേരിക്കും ശർക്കവരട്ടിക്കും ആവശ്യക്കാരേറിക്കഴിഞ്ഞു. വിലയിൽ അല്പം വർധനവുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും കച്ചവടത്തെ ബാധിച്ചിട്ടേയില്ല. ഉപ്പേരിക്കും ശർക്കരവരട്ടിക്കും കിലോയ്ക്ക് 380 രൂപയാണ് ഇത്തവണത്തെ വില. കഴിഞ്ഞ തവണ ഇത് 340 മുതൽ 360 രൂപ വരെയായിരുന്നു. വെളിച്ചെണ്ണയ്ക്കും നേന്ത്രക്കായ്ക്കും ഉണ്ടായ വിലവർധന ഉപ്പേരിയുടെ വിലയിലും ചെറുതായി ഇത്തവണ പ്രതിഫലിച്ചിട്ടുണ്ട്. ഏത്തയ്ക്കായ്ക്ക് ഇത്തവണ 50 രൂപയാണ് കിലോയ്ക്ക് വില. വെളിച്ചെണ്ണയ്ക്ക് 200 രൂപയും. ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഉപ്പേരിക്കാണ് എല്ലാവർഷവും എന്നതുപോലെ ഇത്തവണയും ആവശ്യക്കാരേറെ.
ആവശ്യക്കാരുടെ മുന്പിൽ ഉടൻ വറുത്ത് നൽകുന്ന കടകളിൽ ഓണത്തോടടുക്കുമ്പോൾ ഉപ്പേരിക്കും ശർക്കരവരട്ടിക്കും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ സംഘടനകൾ തയാറാക്കുന്ന ഓണക്കിറ്റിലും ഉപ്പേരി തന്നെയാണ് താരം. ഓണാഘോഷങ്ങൾ സജീവമാകുമ്പോൾ പ്രധാന വിഭവമായ ഉപ്പേരിക്കും ശർക്കവരട്ടിക്കും അതുകൊണ്ട് തന്നെ ആവശ്യക്കാരേറിക്കഴിഞ്ഞു.
പൂവിപണിയും സജീവം
ഓണമെത്തിയതോടെ പൂ വിപണിയും സജീവമായി. പൂക്കളം ഒരുക്കുന്നതിനും മറ്റുമായി പൂക്കള്‍ക്ക് നല്ല ഓര്‍ഡറുകളാണ് ലഭിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ബന്തി, ജമന്തി, വാടാമല്ലി, അരളി തുടങ്ങിയവയാണ് പ്രധാന പൂക്കള്‍. ജമന്തി - 180 (ഒരു കെട്ട്), ബന്തി - 180, വാടാമുല്ല - 250, മുല്ല - 80 (ഒരു മുഴം), അരളി - 350, കിസാന്തം - 350 എന്നിങ്ങനെയാണ് പൂക്കളുടെ വില. തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ എത്തുന്നത്. ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പൂക്കളുടെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
വിദ്യാലയങ്ങളിൽ
ഓണാഘോഷം
സ്കൂളുകളിലും കോളജുകളിലും ഓണത്തിന്റെ ആർപ്പുവിളികൾ ഉണർന്നു. വിദ്യാലയങ്ങളിൽ ഇന്ന് ഓണാഘോഷം നടക്കും. കസവുമുണ്ടും സാരിയുമൊക്കെയായി മലയാളത്തനിമയുള്ള വേഷങ്ങളണിഞ്ഞും പൂക്കളമൊരുക്കിയും വടംവലിച്ചും ഓണസദ്യ ഒരുക്കിയും ഈ വർഷത്തെ ഓണം കളറാക്കാൻ വിദ്യാർഥികൾ ഒരുങ്ങിക്കഴിഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി ടൗണിലെ കടകളെല്ലാം ഇന്നലെ വിദ്യാർഥികളെക്കൊണ്ടു നിറഞ്ഞിരുന്നു. ഒരുപോലെയുള്ള ഡ്രസ് എടുക്കാനും പൂക്കളമൊരുക്കാനുമായി വിദ്യാർഥികൾ ഇന്നലെ തിരക്കിലായിരുന്നു.