കുറുപ്പന്തറ സംഘമൈത്രി മാര്‍ക്കറ്റ് : വിവിധ ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം
1452785
Thursday, September 12, 2024 7:01 AM IST
കടുത്തുരുത്തി: ജില്ലയിലെതന്നെ ഏറ്റവും തിരക്കേറിയ പച്ചക്കറി ലേലമാര്ക്കറ്റായ കുറുപ്പന്തറയിലെ സംഘമൈത്രി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍. ഓണക്കാലമെത്തിയതോടെ മാര്‍ക്കറ്റില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്.
കുറുപ്പന്തറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാര്‍ഷികോത്പന്ന ലേല മാര്‍ക്കറ്റ് 2012ൽ ആണ് ആരംഭിച്ചത്. ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച വില നല്‍കിയാണ് ലേല മാര്‍ക്കറ്റില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. മാര്‍ക്കറ്റ് ആരംഭിച്ചപ്പോള്‍ മുതല്‍ കൃഷി വകുപ്പില്‍നിന്നും കര്‍ഷകര്‍ക്ക് കിലോയ്ക്ക് 1.50 രൂപ വച്ച് ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ് ലഭിച്ചിരുന്നു.
ഈ തുക മൂന്നുരൂപയാക്കി വര്‍ധിപ്പിക്കണമെന്ന് കൃഷി വകുപ്പിനോടു പലതവണ കര്‍ഷകര്‍ ആശ്യപ്പെട്ടിരുന്നു. കൂടാതെ ട്രാന്സ്പോര്ട്ടേഷന് ചാര്‍ജിനത്തില്‍ സംഘമൈത്രിക്ക് ഒമ്പത് ലക്ഷം ലക്ഷം രൂപ കിട്ടാനുണ്ട്. കൈകാര്യച്ചെലവിനത്തില്‍ ഒരു വര്‍ഷം ആറു ലക്ഷം രൂപ വച്ചും കിട്ടാനുണ്ട്. ഈ തുക എത്രയും വേഗം ലഭിക്കുന്നതിന് മോന്‍സ് ജോസഫ് എംഎല്‍എയ്ക്കും കേരള സര്‍ക്കാരിനും സംഘം നിവേദനം നല്‍കിയിരുന്നു.
ലേല മാര്‍ക്കറ്റിന് ഗ്രില്ല് സ്ഥാപിച്ച് അടവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടും കര്‍ഷകർ എംഎല്‍എയ്ക്കു സംഘം നിവേദനം നല്‍കിയിട്ടുണ്ട്. കുറുപ്പന്തറയില്‍ 285 സ്ഥിരം കര്‍ഷകരും 225 ഓളം മറ്റു കൃഷിക്കാരും മാര്‍ക്കറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്.
വിലസ്ഥിരത ഉറപ്പുവരുത്താനായാല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം നേരിട്ടു ലഭിക്കുമെന്നത് നേട്ടമാവും.
വിലസ്ഥിരത ഉറപ്പാക്കാൻ ഗ്രേഡിംഗ് സിസ്റ്റവും പ്രൈസ് ഇന്‍ഷ്വറന്‍സ് സ്കീമും നടപ്പാക്കാന്‍ കൃഷിവകുപ്പ് അനുമതിയും ഫണ്ടും ഉറപ്പുവരുത്തണം. കൃത്യസമയത്ത് കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളുടെ വില ലഭ്യമാക്കണം. ട്രാന്സ്പോര്ട്ടേഷന് സബ്സിഡി അതതുവര്‍ഷം ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണം.
കുറുപ്പന്തറ ലേലഹാള്‍ തുറന്നുകിടക്കുന്നതുകൊണ്ട് ഉത്പന്നങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. ഇതിനായി അടച്ചുകെട്ടിയ കെട്ടിടസൗകര്യവും അടിസ്ഥാന സൗകര്യവും ലഭ്യമാക്കണം, റീട്ടെയില്‍ വ്യാപാരത്തിനാവശ്യമായ വാഹനസൗകര്യം സര്‍ക്കാര്‍ അനുവദിക്കണം, കൃഷിവകുപ്പില്‍നിന്ന് ഒരു ജീവനക്കാരന്റെ സേവനം മുഴുവന്‍ സമയവും പ്രത്യേക ചുമതലയില്‍ ലഭ്യമാക്കണം, ജില്ലയില്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ കാര്‍ഷിക സ്റ്റാളുകള്‍ ആരംഭിക്കണം, നാടന്‍ പച്ചക്കറി സൂപ്പര്‍ മാര്‍ക്കറ്റ് കോട്ടയം, എറണാകുളം ജില്ലാ കേന്ദ്രങ്ങളില്‍ അനുവദിക്കണം. ഇതിന്റെ കോ-ഓര്‍ഡിനേറ്റിംഗ് സെന്ററായി കുറുപ്പന്തറയെ മാറ്റിയെടുക്കണം.
കേരള നാച്ചുറല്‍ - കേരള ഓര്‍ഗാനിക് ബ്രാൻഡില്‍ കര്‍ഷകരുടെ പേര് ബാര്‍കോഡ് ചെയ്ത് മെച്ചപ്പെട്ട നിലവാരത്തില്‍ പച്ചക്കറികള്‍ വില്പന നടത്തണം എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് കര്‍ഷകരുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. മാര്‍ക്കറ്റ് അടവാക്കി കിട്ടിയാല്‍ പ്രവൃത്തി സമയത്ത് കര്ഷകന് ഉത്പന്നങ്ങള്‍ ലേലത്തിന് സുരക്ഷിതമായി കൊണ്ടുവയ്ക്കാനാവും.
കര്‍ഷകര്‍ക്ക് പ്രയോജനകരമായ വിധത്തില്‍ സംഘം മുഖേന ലേല കേന്ദ്രത്തോടനുബന്ധിച്ചു വളക്കട, കീടനാശിനികളും പമ്പുസെറ്റുകളും മോട്ടോറുകളും തുടങ്ങി കര്‍ഷകര്‍ക്കാവശ്യമായ എല്ലാ സാധന സാമഗ്രികളും ഇവിടെ ലഭ്യമാണ്. പഞ്ചായത്തുവഴിയും കൃഷിഭവന് വഴിയുള്ള സബ്സിഡി ഐറ്റങ്ങളും സംഘത്തില്‍നിന്നും കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. ലേല കേന്ദ്രത്തിന്റെ ഭരണസമിതിയില്‍ കടപ്ലാമറ്റം, കുറവിലങ്ങാട്, മാഞ്ഞൂര്‍, കടുത്തുരുത്തി, ഞീഴൂര്‍, മുളക്കുളം, അതിരമ്പുഴ കൃഷിഭവനുകളുടെ കീഴില്‍ ക്ലസ്റ്റര്‍ രൂപീകരിച്ചാണ് പ്രതിനിധികളെ തെരഞ്ഞെടുത്തത്.
ഇവരില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ആക്ടിംഗ് ചെയര്മാൻ-ജോയി ജോസഫ് കുഴിവേലി, ഖജാന്‍ജി- ശ്രീനിവാസന് നെടുംപറമ്പില്‍, സെക്രട്ടറി-യമുനാ ജോസ്, രാജു ലൂക്കോസ്, പോള്‍സണ്‍, ജോജോ ഫിലിപ്പ്, വി.സി. കുര്യന്, വി.ജെ. ലൂക്കോസ്, ജയിംസ്, ജോര്‍ജ് എന്നിവര്‍ കമ്മിറ്റിയംഗങ്ങളുമായിട്ടുള്ള ഭരണസമിതിയാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്.