കർഷക മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
1452560
Wednesday, September 11, 2024 11:33 PM IST
കാഞ്ഞിരപ്പള്ളി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, പഞ്ചായത്ത് കൃഷിഭവൻ, കാർഷിക വികസന സമിതി, വിവിധ കർഷക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷൻ എതിർവശത്തായി (പഴയ ബേബി തിയേറ്ററിനു സമീപം) ആരംഭിച്ച കർഷക മാർക്കറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ ആദ്യ വില്പന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, ഡാനി ജോസ്, പഞ്ചായത്തംഗം റോസമ്മ തോമസ്, സിഡിഎസ് ചെയർപേഴ്സൺ ദീപ്തി ഷാജി, കാർഷിക വികസന സമിതി അംഗങ്ങളായ ഷാജൻ മാത്യു മണ്ണംപ്ലാക്കൽ, എൻ. സോമ നാഥൻ, കൃഷി ഓഫീസർ എ.കെ. അർച്ചന, അസിസ്റ്റന്റ് കൃഷി ഓഫീസർ ജെ. ഷൈൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ എസ്. സുനിത രാജിത കെ. സുകുമാരൻ, വിവിധ കർഷക കൂട്ടായ്മ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
പൊതു വിപണിയേക്കാൾ 10 ശതമാനം വിലകൂട്ടി കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും 30 ശതമാനം വിലകുറച്ച് പൊതുജനങ്ങൾക്ക് വിൽക്കുകയും ചെയ്യുന്നു. ഇന്ന് മുതൽ 14വരെ രാവിലെ ഒന്പതു മുതൽ രാത്രി ഏഴുവരെയാണ് മാർക്കറ്റിന്റെ പ്രവർത്തനം.