സെന്റ് ഡൊമിനിക്സിൽ പര്‍പ്പിള്‍ മധുരക്കിഴങ്ങ് പ്രദർശനം
1452559
Wednesday, September 11, 2024 11:33 PM IST
കാഞ്ഞിരപ്പള്ളി: പര്‍പ്പിള്‍ നിറത്തിലുള്ള മധുരകിഴങ്ങിന്റെ ഗുണമേന്മ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് സെന്റ് ഡൊമിനിക്സ് കോളജിലെ ബോട്ടണി വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തിൽ മധുരക്കിഴങ്ങ് ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും നടത്തി. കേക്ക്, കുക്കീസ്, ബണ്‍, പിസ, കപ്പ് കേക്ക്, പുഡിംഗ്, കോക്ക് സിക്കിള്‍, പോപ്സിക്കിള്‍ തുടങ്ങിയ ഭക്ഷണ ഇനങ്ങള്‍ വിദ്യാര്‍ഥികള്‍തന്നെ തയാറാക്കി പ്രദർശിപ്പിച്ചു.
കേരളത്തില്‍ അപൂര്‍വമായി കണ്ടുവരുന്ന പര്‍പ്പിള്‍ കളര്‍ മധുര കിഴങ്ങിന്റെ ഉപയോഗം കൂട്ടുന്നതിനും മധുര കിഴങ്ങിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായിട്ടുമാണ് പരിപാടി നടത്തിയത്. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ആന്തോസയനിന്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതാണ് പര്‍പ്പിള്‍ കളര്‍ മധുര കിഴങ്ങ്. ബീറ്റാ കരോട്ടില്‍ പോലുള്ള കരോട്ടിനയിഡുകളുടെ സാന്നിധ്യം ഉള്ളതിനാല്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കുറയുന്നു. ഗ്ലൈസീമിക് ഇന്‍ഡക്സ് കുറവായതിനാന്‍ ബ്ലഡ് ഷുഗറിന്റെ അളവ് നിയന്ത്രിക്കാന്‍ സാഹായിക്കുന്നു. നാരുകള്‍ കൂടുതല്‍ ഉള്ളതിനാല്‍ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഗുണകരമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ പ്രതിരോധിക്കാന്‍ പര്‍പ്പിള്‍ കളര്‍ മധുരക്കിഴങ്ങ് സഹായകരമാകുമെന്ന് ഗവേഷണ മേധാവിയും പ്രോഗ്രാം കണ്‍വീനറുമായ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫ.ഡോ.ആര്.ബി. സ്മിത പറഞ്ഞു.
രണ്ടാം വര്‍ഷ എംഎസ്സി ബോട്ടണി വിദ്യാര്‍ഥികളായ കെ. നജ്ല, പാര്‍വതി ആര്. നായര്‍ എന്നിവരുടെ ഗവേഷണ പഠനത്തിന്റെ ഭാഗമായിട്ടാണ് മധുരക്കിഴങ്ങ് ഉപയോഗിച്ചുള്ള വിഭവങ്ങള്‍ തയാറാക്കിയത്. ഇതിനോടനുബന്ധിച്ച് നടത്തിയ വെബിനാറില്‍ യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍ ക്രോപ് ശസ്ത്രജ്ഞയായ ഡോ. സജിത ബിജു ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ് അധ്യക്ഷത വഹിച്ചു. ബോട്ടണി എച്ച്ഒഡി ഡോ. സാലിക്കുട്ടി തോമസ്, റിസോഴ്സ് പേഴ്സണ്‍ അസിസ്റ്റന്റ് പ്രഫ. മൈക്കിള്‍ തോമസ്, ഡോ.ആര്.ബി. സ്മിത എന്നിവര്‍ പ്രസംഗിച്ചു.