പാവയ്ക്ക കൃഷിയിൽ നൂറുമേനി വിജയവുമായി സുന്ദരൻ നളന്ദ
1452534
Wednesday, September 11, 2024 7:16 AM IST
വൈക്കം: ഓണ വിപണി ലക്ഷ്യമിട്ട് നടത്തിയ പാവയ്ക്ക കൃഷിയിൽ നൂറുമേനി വിജയം. ജൈവ പച്ചക്കറി കർഷകനായ മറവൻതുരുത്ത് ചെമ്മനാകരി നളന്ദയിൽ സുന്ദരനാണ് പാവയ്ക്ക കൃഷിയിൽ വൻനേട്ടം കൈവരിച്ചത്.
30 സെന്റ് സ്ഥലത്താണ് വലിയ പന്തൽ തീർത്ത് സുന്ദരൻ പാവയ്ക്ക കൃഷി നടത്തിയത്. മികച്ച വിളവ് ലഭിച്ചെങ്കിലും പാവയ്ക്കക്ക് 50-55 രൂപയ്ക്കാണ് കടകൾക്ക് നൽകുന്നത്. 100 കിലോ പാവയ്ക്ക വിൽപനയ്ക്ക് പാകമായിപ്പോൾ കൃഷിയിടത്തിലുണ്ട്. വിപണിയിൽ നാടൻ പാവയ്ക്കയുടെ വില വർധിച്ചില്ലെങ്കിൽ കർഷകർക്ക് മെച്ചമുണ്ടാകില്ലെന്ന് സുന്ദരൻ പറയുന്നു.
പാവയ്ക്ക കൃഷിക്ക് മുരടിപ്പ് രോഗവും കായീച്ചയുടെ ആക്രമണവുമാണ് തിരിച്ചടിയാകുന്നത്. പാവയ്ക്ക കായ ചെറുതായിരിക്കുമ്പോഴാണ് കായീച്ച കുത്തുന്നത്. അതോടെ ആ കായ കേടാകും. പാവയ്ക്ക കൃഷിയിൽ ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ടത് പന്തൽ നിർമാണമാണ്. മഴ പെയ്യുമ്പോൾ ചെടിയുടെ ഇലയിലും കായകളിലും വെള്ളം തങ്ങി നിന്ന് പന്തൽ നിലംപൊത്താൻ സാധ്യതയുള്ളതിനാൽ പന്തൽ നിർമിക്കുന്നതിൽ ദീർഘവീഷണമുണ്ടാകണം.
മഴ കനത്ത് ചുവട്ടിൽ വെള്ളം കെട്ടിനിന്ന് ചെടി ചീഞ്ഞു പോയില്ലെങ്കിൽ പാവയ്ക്ക കൃഷിയിൽനിന്നു മൂന്നു മാസത്തോളം വിളവ് ലഭിക്കും. ഇതര പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്ത് വിളവെടുക്കാൻ ഏറെ എളുപ്പമായതിനാൽ ഏറെ പരിചരണം വേണ്ട പാവയ്ക്ക കൃഷിക്കിപ്പോൾ അധികമാരും മുതിരാറില്ലെന്ന് സുന്ദരൻ നളന്ദ പറയുന്നു.
50 വർഷമായി പച്ചക്കറി കൃഷിയിൽ വ്യാപൃതനാണ് സുന്ദരൻ. രണ്ടേമുക്കാൽ ഏക്കറിൽ പാവൽ, കോവൽ, പടവലം, മത്തൻ, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. മറവൻതുരുത്ത് പഞ്ചായത്ത് മികച്ച പച്ചക്കറി കർഷകനായി നിരവധി തവണ ആദരിച്ചിട്ടുള്ള സുന്ദരൻ നളന്ദയ്ക്ക് പഞ്ചായത്ത്, കൃഷിഭവൻ അധികൃതർ പൂർണ പിന്തുണ നൽകുന്നു.