തകര്‍ന്ന് തരിപ്പണമായി കടുത്തുരുത്തി -ആപ്പുഴ തീരദേശ റോഡ്
1452531
Wednesday, September 11, 2024 7:00 AM IST
കടുത്തുരുത്തി: തകര്‍ന്ന് തരിപ്പണമായി കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡ്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് അടുത്ത കാലത്തായി കാല്‍നടയാത്ര പോലും പറ്റാത്ത വിധം പൂര്‍ണമായും നാശാവസ്ഥയിലാണ്. തീരദേശ റോഡിന് ശാപമോഷമുണ്ടാകുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
വെള്ളക്കെട്ടും ചെളിയും പള്ളയുമെല്ലാമായി റോഡിലൂടെയുള്ള യാത്ര ആളുകള്‍ക്കു ദുരിതം നിറഞ്ഞതായി മാറിയിരിക്കുകയാണ്. മറ്റു റോഡുകളിലൂടെയുള്ള യാത്ര തടസപ്പെടുമ്പോള്‍ ബൈപാസ് റോഡായി ഉപയോഗിക്കുന്നതാണെങ്കിലും അധികാരികള്‍ റോഡിനോടുള്ള നിസംഗത തുടരുകയാണ്.
പഞ്ചായത്തംഗങ്ങളോടും എംഎല്‍എയോടും ഉള്‍പ്പെടെ പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുകയാണ്. വെള്ളപ്പൊക്കവും വെള്ളക്കെട്ടുമെല്ലാമയതോടെ കടുത്തുരുത്തി - ആപ്പൂഴ തീരദേശ റോഡ് പൂര്‍ണമായി തകര്‍ന്നു.
റോഡ് പൂര്‍ണമായും കുണ്ടും കുഴിയും നിറഞ്ഞു ചെളിയും വെള്ളക്കെട്ടും വ്യാപകമായതോടെ ഇതുവഴിയുള്ള വാഹന, കാല്‍നട യാത്ര ദുരിതമായി മാറി. സ്കൂളിലേക്കു വന്നുപോകുന്ന വിദ്യാര്‍ഥികളും ദേവാലയങ്ങളിലേക്കും പോയി വരുന്നതും പടിഞ്ഞാറന്‍ പ്രദേശത്തുള്ളവര്‍ കടുത്തുരുത്തിയിലെത്തി മടങ്ങുന്നതുമെല്ലാം ചെളിക്കുണ്ടായി മാറിയ ഈ റോഡിലൂടെയാണ്. പ്രായമായവര്‍ക്ക് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകണമെങ്കിലും റോഡിലെ ചെളിക്കെട്ടിലൂടെ നീന്തണം. കല്ലറയിലേക്കു കുടിവെള്ളമെത്തിക്കാനുള്ള പൈപ്പിടുന്നതിനായി റോഡ് കുത്തിപ്പൊളിച്ചതാണ് റോഡിന്റെ അവസ്ഥ കൂടുതല്‍ ദയനീയമാക്കിയത്.
റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിയിലൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. വെള്ളം കുത്തിയൊഴുകി ഇവിടെ കുഴികള്‍ രൂപപ്പെട്ടതോടെ ചെളി നിറഞ്ഞു കിടക്കുകയാണ്. റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടും ചെളിയും നിറഞ്ഞതോടെ ഇതുവഴി നടന്നു പോകാന്‍ പോലു പറ്റാത്ത സ്ഥിതിയാണ്. വലിയതോട്ടിലുണ്ടാകുന്ന വെള്ളപ്പൊക്കം റോഡിന്റെ സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് കാരണമാക്കി.
മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആയാംകുടി, ആപ്പുഴ, എരുമത്തുരുത്ത്, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്തുരുത്തി പട്ടണവുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന എളുപ്പമാര്‍ഗമാണ്.
വാലാച്ചിറ റെയില്‍വേ ഗേറ്റ് വഴിയുള്ള കടുത്തുരുത്തി - കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണിത്. നൂറുകണക്കിന് വാഹനങ്ങളും വിദ്യാരഥികളടക്കം നിരവധി കാല്‍നടയാത്രക്കാരും കടന്നു പോകൂന്ന വഴിയാണ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നത്. റോഡിന്റെ പലഭാഗത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഇതിന് പുറമെ റോഡിന്റെ രണ്ടുവശങ്ങളിലും പലയിടത്തും കാട് കേറിയ നിലയിലാണ്. എതിരേ വരുന്ന വാഹനങ്ങള്‍ കാണാനാവാത്ത വിധമാണ് റോഡില്‍ പലയിടത്തും കാട് മൂടിയിരിക്കുന്നത്. ഇതു പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. രണ്ട് വാഹനങ്ങള്‍ എതിര്ദിശയില്നിന്നെത്തിയാല് സൈഡ് നല്കണമെങ്കില് പലപ്പോഴും ഏതെങ്കിലും ഒരു വാഹനം മീറ്ററുകളോളം ദൂരത്തില്‍ പുറകോട്ട് പോകേണ്ടി വരും. വാഹനങ്ങള്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി അപകടങ്ങളും ഈ വഴിയില്‍ ഉണ്ടായിട്ടുണ്ട്.