ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1452316
Wednesday, September 11, 2024 12:07 AM IST
പൊൻകുന്നം: ദേശീയപാത 183ൽ പഴയചന്തയിൽ ബൈക്ക് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ പൊൻകുന്നം കോയിപ്പള്ളി തൊമ്മിത്താഴെ അമീർ ഷാജി(24) മരിച്ചു. പരേതനായ ഷാജിയുടെ മകനാണ്. അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണ് ഇതേ സ്ഥലത്തുണ്ടായത്.
ഇന്നലെ വൈകുന്നേരം 4.30 നായിരുന്നു അമീറിന്റെ മരണത്തിനിടയാക്കിയ അപകടം. അട്ടിക്കൽ -പഴയചന്ത റോഡിൽ നിന്നും ദേശീയപാതയിലേക്ക് ബൈക്ക് പ്രവേശിക്കുമ്പോൾ ബസിലിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് അമീറിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
നിഷാമോളാണ് അമീറിന്റെ അമ്മ. ആറാംക്ലാസ് വിദ്യാർഥിനിയായ നാഷിദ നാസർ സഹോദരിയാണ്. കബറടക്കം ബുധനാഴ്ച പൊൻകുന്നം മുഹിയിദീൻ ജുമാമസ്ജിദിൽ.