നേരേകടവ് - മാക്കേക്കടവ് കായൽ പാലം : മാക്കേക്കടവിലെ സ്പാനിൽ ഗർഡറുകൾ സ്ഥാപിച്ചു
1452245
Tuesday, September 10, 2024 7:03 AM IST
വൈക്കം: കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിലെ നേരേകടവ്–മാക്കേക്കടവ് ഫെറിയിൽ നിർമിക്കുന്ന കായൽ പാലത്തിന്റെ മാക്കേക്കടവിലെ ആദ്യ സ്പാനിൽ ഗർഡറുകൾ സ്ഥാപിച്ചു. ഓരോ സ്പാനുകൾക്കുമിടയിൽ നാല് ഗർഡർ വീതമാണ് സ്ഥാപിക്കുന്നത്. ഒരു ഗർഡറിന് 35 മീറ്റർ നീളവും 80 ടൺ ഭാരവുമുണ്ട്. പാലത്തിന് ആകെ 22 സ്പാനുകളാണുള്ളത്.
കായലിനു മധ്യത്തിലുള്ള രണ്ടു സ്പാനുകളിൽ ആദ്യ ഘട്ടത്തിൽത്തന്നെ ഗർഡറുകൾ സ്ഥാപിച്ചിരുന്നു. സമീപ റോഡിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കോടതിയിലെത്തിയതോടെ ദ്രുതഗതിയിൽ നടന്നുവന്ന നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. പിന്നീട് ആറു വർഷങ്ങൾക്ക് ശേഷമാണ് നിർമാണം പുനരാരംഭിച്ചത്. നിർമാണം പുനരാരംഭിച്ചിട്ട് ഇപ്പോൾ നാലുമാസമായി. രണ്ടു മാസമെടുത്താണ് ഗർഡർ വാർത്തത്. ഇതിനു ശേഷമുള്ള ആദ്യ സ്പാനാണ് ഇപ്പോൾ പൂർത്തിയാക്കിയത്.
ഇനി ഈ സ്പാനിലൂടെ നേരേകടവ് ഭാഗത്തേക്ക് ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങും. ഇപ്പോൾ സ്ഥാപിച്ച നാല് ഗർഡറിന് പുറമെ രണ്ടെണ്ണം കൂടി പൂർത്തിയായിട്ടുണ്ട്. ഏഴാമത്തേതിന്റെ നിർമാണം പുരോഗമിക്കുകയാണ്.
നാലെണ്ണം പൂർത്തിയായി കഴിയുമ്പോൾ കായലിലേക്കു യന്ത്രസാമഗ്രികളുടെ സഹായത്തോടെ കൊണ്ടുപോയി സ്ഥാപിക്കും. മാക്കേക്കടവിൽ കരയിലാണ് മുഴുവൻ ഗർഡറുകളും നിർമിക്കുന്നത്. ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ലാത്തതാണ് നിർമാണം വൈകാൻ കാരണമാകുന്നതെന്ന് അധികൃതർ പറയുന്നു. ഒരു ഗർഡർ തീർത്താൽ അത് ഉറയ്ക്കാൻ ഒരു മാസമെടുക്കും. ആകെ 88 ഗർഡറുകളാണ് വേണ്ടത്. ഒരു മാസം ആറ് ഗർഡർ നിർമിക്കാനാണ് കരാറുകാരും അധികൃതരും ശ്രമം നടത്തുന്നത്