പാറത്തോട് പഞ്ചായത്തിൽ "വിഷന്‍ 2025' ശില്പശാലയ്ക്കു തുടക്കം
1452000
Monday, September 9, 2024 11:46 PM IST
പാറത്തോട്: പഞ്ചായത്ത് വരുംനാളുകളിൽ നടപ്പിലാക്കേണ്ട പദ്ധതികൾക്ക് ഗതിവേഗം വർധിപ്പിക്കുന്നതിനും ജനകീയ കൂട്ടായ്മയിലൂടെ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമായി "വിഷന്‍ 2025' എന്ന പേരിൽ ശില്പശാല നടത്തി. 12 ഗ്രൂപ്പുകളായി തിരിച്ച് ചർച്ചകൾ നടത്തുകയും രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു.
സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ ചിരകാല ആവശ്യമായ ആയുർവേദ, ഹോമിയോ ആശുപത്രികള്‍ ഉൾപ്പെടുന്ന പുതിയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടങ്ങൾ നിർമിക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് എംഎൽഎ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, സെക്രട്ടറി എൻ. അനൂപ്, പി. ഷാനവാസ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിർവഹണ ഉദ്യോഗസ്ഥർ, യുവ കര്‍ഷകര്‍, വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ തൊഴിലുറപ്പ് പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു.