മട്ടൻകറി ഭ്രമം വിനയായി : ഒളിവില്‍ കഴിഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി
1451704
Sunday, September 8, 2024 7:11 AM IST
ചങ്ങനാശേരി: ഹോട്ടലില്‍ എത്തിയാല്‍ ഷാജഹാന് മട്ടൻകറി നിര്‍ബന്ധം. കിട്ടിയില്ലെങ്കില്‍ വയലന്റാകും. കഴിഞ്ഞദിവസം ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ കയറിയ ഇയാള്‍ മട്ടൻ കറിയും പൊറോട്ടയും ചോദിച്ചു. മട്ടൻ കറി തീര്‍ന്നതായി കടയിലെ ജീവനക്കാര്‍ പറഞ്ഞതോടെ ഇയാള്‍ കുപിതനായി. പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ബഹളമായി.
ആളുകള്‍ അറിയിച്ചതുപ്രകാരം ചങ്ങനാശേരി പോലീസ് എത്തി പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തന്‍വീട്ടില്‍ ഷാജഹാ(55)നാണെന്നു മനസിലായത്.
ആളെ തിരിച്ചറിയാതിരിക്കാന്‍ പകല്‍ മാസ്ക് ധരിച്ചാണ് ഷാജഹാന് സഞ്ചരിച്ചിരുന്നത്. രാത്രിയില്‍ നൈറ്റിയോ ചുരിദാറോ അണിഞ്ഞാണ് ഭവനഭേദനത്തിന് എത്തുന്നത്. വീടുകളുടെ പിന്‍വാതില്‍ പൊളിച്ചാണ് ഇയാള്‍ അകത്തു കടക്കുന്നത്. ചങ്ങനാശേരി പാറേല്‍പ്പള്ളി ഭാഗത്ത് വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട്, സ്വര്‍ണക്കൊന്ത, വളകള്‍ തുടങ്ങി ഏഴു ലക്ഷത്തോളം രൂപയുടെ മോഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്നു.
മോഷണത്തിനെത്തുന്ന വീടുകളില്‍ നിന്നാണ് സ്ത്രീകളുടെ വസ്ത്രങ്ങള്‍ ഇയാള്‍ മോഷ്ടിക്കുന്നത്. പോലീസ് പിടിക്കാതിരിക്കാന്‍ മുടി പറ്റേ വെട്ടിയും ക്ലീന്‍ ഷേവ് ചെയ്തും രൂപഭേദം വരുത്തുന്നതും ഇയാളുടെ ശൈലിയാണെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.