പോസ്റ്റര്‍ കുപ്രചാരണത്തിനെതിരേ പരാതിയുമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി
1451701
Sunday, September 8, 2024 7:11 AM IST
കടുത്തുരുത്തി: രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചുള്ള പോസ്റ്റര്‍ കുപ്രചാരണത്തിനെതിരേ പരാതിയുമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി. ഏറെക്കാലങ്ങളായി തകര്‍ന്നുകിടക്കുന്ന കടുത്തുരുത്തി-പിറവം റോഡിന്റെ കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നാളെ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായുള്ള പോസ്റ്ററുകളും ഡോക്യുമെന്റുകളും വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിനെതിരേയാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി രംഗത്ത് വന്നത്.
പിണറായി സര്‍ക്കാരിന്റെ വികസന മുരടിപ്പിനും കടുത്തുരുത്തിയിലെ റോഡുകളുടെ ശോചനിയാവസ്ഥയ്ക്കുമെതിരേ പ്രതിഷേധ മാര്‍ച്ചും കടുത്തുരുത്തി-പിറവം റോഡ് ഉപരോധവും നടത്തുന്നുവെന്നായിരുന്നു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പോസ്റ്ററുകളും ഡോക്യൂമെന്റുകളും പ്രചരിപ്പിച്ചത്. ഇതു തിരുത്തി എംഎല്‍എയുടെ കെടുകാര്യസ്ഥതയ്ക്കും കടുത്തുരുത്തിയുടെ വികസന മുരടിപ്പിനും കടുത്തുരുത്തിയിലെ റോഡുകളുടെ ശോചനിയാവസ്ഥയ്ക്കുമെതിരേ എന്നാക്കി പ്രചരിപ്പിക്കുകയായിരുന്നു.
ഇത് യുഡിഎഫ് മുന്നണിയിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയും കേരള കോണ്‍ഗ്രസിനെയും തമ്മിലകറ്റാനും വിദ്വേഷം വളര്‍ത്തുന്നതിനുമായി രാഷ്ട്രീയ വിരോധികള്‍ നടത്തുന്ന വിലകുറഞ്ഞ തന്ത്രമാണെന്നും എംഎല്‍എയ്ക്കെതിരേ കോണ്‍ഗ്രസ് എന്ന തരത്തില്‍ വ്യാജ വാര്‍ത്ത ചമച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടെയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വ്യാജ വാര്‍ത്ത സൃഷ്ടിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തി ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി കടുത്തുരുത്തി എസ്എച്ച്ഒയ്ക്കു പരാതി നല്‍കിയതായി ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളില്‍ അറിയിച്ചു. ധര്‍മസമരം നാളെ രാവിലെ പത്തിന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.