പഴയപള്ളിയിൽ ഭക്തിയുടെ രുചിയുമായി നേർച്ചക്കഞ്ഞി വിതരണം
1450575
Wednesday, September 4, 2024 10:19 PM IST
കാഞ്ഞിരപ്പള്ളി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന നേർച്ചക്കഞ്ഞി കുടിച്ച് മടങ്ങുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ 9.30ന് തുടങ്ങുന്ന നേർച്ചക്കഞ്ഞി വിതരണം ഉച്ചകഴിഞ്ഞ് 2.30വരെ നീളും. ചൂട് കഞ്ഞിയും പയറും അച്ചാറും കഴിച്ച് വിശ്വാസനിറവോടെയാണ് ഭക്തർ മടങ്ങുന്നത്. വിശ്വാസികളുടെ സൗകര്യാർഥം പന്തലിൽ ഇരിപ്പിടങ്ങളും പ്രായമായവർക്കായി മേശയും ഒരുക്കിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ ഇടവകാംഗങ്ങളുടെ നേതൃത്വത്തിലാണ് നേർച്ചക്കഞ്ഞി തയാറാക്കി വിതരണം ചെയ്യുന്നത്. എട്ടുനോന്പ് തിരുനാളിലും തിരുക്കർമങ്ങളിലും പങ്കെടുക്കാൻ ഹൈറേഞ്ചിൽ നിന്നുൾപ്പെടെ വിദൂരസ്ഥലങ്ങളിൽനിന്നുള്ള വിശ്വാസികളുടെ വലിയ തിരക്കാണ് പഴയപള്ളിയിൽ അനുഭവപ്പെടുന്നത്. പുരാതനമായ കൽക്കുരിശ് വണങ്ങിയും നേർച്ചകാഴ്ചകളർപ്പിച്ചുമാണ് കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ള വിശ്വാസികൾ മടങ്ങുന്നത്.