കവര്ച്ചാ കേസില് രണ്ടുപേര് അറസ്റ്റില്
1417425
Friday, April 19, 2024 6:36 AM IST
ചങ്ങനാശേരി: യുവാവിന്റെ കൈയില്നിന്നു പണവും മൊബൈല് ഫോണും വാച്ചും കവര്ച്ച ചെയ്ത കേസില് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് വെള്ളുത്തുരുത്തി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വാകത്താനം പാലച്ചുവട് ഭാഗത്ത് കടുവാക്കുഴി സരുണ് സലി (37), വാഴപ്പള്ളി ഭാഗത്ത് പറാച്ചേരി ജിത്തുമോന് (ലിറ്റില്-19) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേര്ന്ന് കഴിഞ്ഞ 13നു രാത്രി എട്ടിന് ഇവര് താമസിച്ചിരുന്ന ചങ്ങനാശേരിയിലെ ഹോട്ടലിലെ റൂമിനുസമീപം എത്തിയ യുവാവിനെ മര്ദ്ദിക്കുകയും കത്രിക കാണിച്ച് യുവാവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന ഐഫോണും വാച്ചും വാങ്ങുകയും കൂടാതെ ഫോണിലെ ഗൂഗിള് പേ പാസ്വേര്ഡ് വാങ്ങിയശേഷം യുവാവിന്റെ അക്കൗണ്ടില്നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് 35,500 രൂപ അയച്ച് തട്ടിയെടുക്കുകയുമായിരുന്നു.
ഇതിനുശേഷം 10 ലക്ഷം രൂപ ഇവര്ക്കു നല്കിയില്ലെങ്കില് ഫോണിലെ യുവാവിന്റെ ഫോട്ടോകള് മോര്ഫ് ചെയ്തു സാമൂഹ്യമാധ്യമങ്ങളില് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്ന്ന് യുവാവ് പോലീസില് പരാതി നല്കുകയായിരുന്നു. പരാതിയെത്തുടര്ന്ന് ചങ്ങനാശേരി പോലീസ് കേസെടുത്ത് ഇരുവരെയും പിടികൂടുകയുമായിരുന്നു.
സരുണ് സലിക്കെതിരേ വാകത്താനം സ്റ്റേഷനില് ക്രിമിനല്ക്കേസുണ്ട്. കോടതിയില് ഹാജരാക്കിയ ഇരുവരെയും റിമാന്ഡ് ചെയ്തു.