റബര്‍ മരങ്ങള്‍ വെട്ടിമാറ്റി പ്ലാവും റമ്പൂട്ടാനും കൃഷി ചെയ്ത കര്ഷകന് നൂറുമേനി വിളവ്
1375266
Saturday, December 2, 2023 3:14 AM IST
പെരുവ: അഞ്ചു വര്‍ഷം മുമ്പ് മുന്നുവര്‍ഷം പ്രായമെത്തിയ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി പ്ലാവും റമ്പൂട്ടാനും കൃഷി ചെയ്ത കര്ഷകന് നൂറുമേനി വിളവ്. പെരുവ ശാന്തിപുരം പന്നിക്കോട്ടില്‍ ബാബു ജോസഫാണ് ഒരേക്കറോളം വരുന്ന സ്ഥലത്തെ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി പ്ലാവും റമ്പൂട്ടാനും കൃഷി ചെയ്തത്.
കഴിഞ്ഞ വര്‍ഷം മാത്രം ഒന്നര ലക്ഷം രൂപയുടെ റമ്പൂട്ടാനാണ് ഇവിടെനിന്നു വിറ്റത്. കൂടാതെ നാല്പതിനായിരത്തിലധികം രൂപയുടെ ചക്കയും വിറ്റു. വിയറ്റ്നാം ഇനത്തില്‍പ്പെട്ട പ്ലാവും എന്‍-18 ഇനത്തില്‍പ്പെട്ട റമ്പൂട്ടാനുമാണ് ബാബു നട്ടുപിടിപ്പിച്ചത്. റമ്പൂട്ടാന്‍ കൃഷി റബറിന്റെ നാലിരട്ടി വരുമാനം നല്‍കുമെന്നാണ് ബാബു പറയുന്നത്.
രണ്ടേക്കര്‍ റബര്‍ സ്വന്തമായി ടാപ്പ് ചെയ്തിട്ടു പോലും കഴിഞ്ഞ വര്‍ഷം ലഭിച്ചത് അറുപതിനായിരം രൂപയാണ്. ഇതും ഈ വര്‍ഷം വെട്ടിമാറ്റി റമ്പൂട്ടാനും പ്ലാവും കൃഷി ചെയ്യാനൊരുങ്ങുകയാണ് ബാബു. ധാരാളം വെള്ളം ലഭിക്കുന്നിടത്ത് മാത്രമേ റമ്പൂട്ടാന്‍ കൃഷി ചെയ്യാവുവെന്നാണ് റമ്പൂട്ടാന്‍ കൃഷി ചെയ്യുന്ന കര്‍ഷകരോട് ബാബുവിന് പറയാനുള്ളത്.
ബാബുവിന്റെ 2,500 ചതുരശ്രയടിയോളം വരുന്ന വീടിനു മുകളില്‍ പതിക്കുന്ന മഴ വെള്ളമപ്പാടെ കുഴല്‍കിണറിലും കിണറിലുമായി ശേഖരിക്കുകയാണ്. പെരുവയില്‍ കാര്‍ഷിക നഴ്സറി നടത്തുകയാണ് ബാബു.