തോരാമഴയിൽ ജലനിരപ്പുയരുന്നു; കർഷകർ ആശങ്കയിൽ
1339946
Monday, October 2, 2023 2:18 AM IST
വെച്ചൂർ: തോരാതെ പെയ്യുന്ന മഴയെത്തുടർന്ന് പാടശേഖരങ്ങളുമായി ബന്ധപ്പെട്ട തോടുകളിൽ ജലനിരപ്പുയർന്നത് കർഷകരെ ആശങ്കപ്പെടുന്നു.
പെയ്ത്തു വെള്ളം കായലിലേക്ക് ഒഴുകിപ്പോകുന്നതിനു തടസം നേരിടുന്നതിനാൽ കിഴക്കൻ വെള്ളത്തിന്റെ വരവു ശക്തിപ്പെട്ടാൽ കൊയ്ത്തിനു പാകമായ പാടശേഖരങ്ങളിലെ വിളവെടുപ്പ് ദുഷ്കരമാകുമെന്ന് കർഷകർ പറയുന്നു.
പൂവത്തുക്കരി, കോലാംപുറത്തു കരി, വലിയ പുതുക്കരി പാടശേഖരങ്ങൾ മൂന്നാഴ്ചയ്ക്കകം കൊയ്യേണ്ടതാണെന്ന് കർഷകർ പറയുന്നു. ശക്തമായ മഴയിലും കാറ്റിലും ചില പാടശേഖരങ്ങളിൽ ചെറിയ തോതിലെങ്കിലും നെല്ല് അടിഞ്ഞു തുടങ്ങിയിട്ടുണ്ട്. പാടശേഖരത്തിൽ പെയ്ത്തു വെള്ളം കെട്ടിനിന്നാൽ കൊയ്ത്തുയന്ത്രമിറക്കി വിളവെടുക്കാൻ ഏറെ പണിപ്പെടേണ്ടിവരും.
വെച്ചൂർ അഞ്ചുമന തോടിന്റെ കൈവഴിയിലൂടെ കൈപ്പുഴയാറ്റിലേക്ക് വെള്ളമൊഴുകുന്നത് തടസപ്പെട്ട നിലയിലാണ്. വലിയ പുതുക്കരി പാടശേഖരത്തിന്റെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്ന ഈ തോടിന്റെ ആഴം വർധിപ്പിച്ചാൽ മാത്രമേ നീരൊഴുക്കു ശക്തമാകൂ.
വെച്ചൂരിൽ 33 പാടശേഖരങ്ങളിലായി 3500 ഏക്കറിലാണ് നെൽകൃഷി. അരയേക്കറും ഒരേക്കറുമൊക്കെ കൃഷിയുള്ള നിർധനരാണ് ഇവരിലധികവും.
തോടുകളിലെ തടസം നീക്കി നീരൊഴുക്കു ശക്തമാക്കി നെൽകൃഷി സംരക്ഷിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് വെച്ചൂർ നെല്ലുത്പാദക കോ- ഓർഡിനേറ്റിംഗ് കമ്മിറ്റി പ്രസിഡന്റ് എൻ. സുരേഷ്കുമാർ, സെക്രട്ടറി ടി.ഒ. വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.