ജലജീവന്‍ മിഷന് പദ്ധതിക്കായി കുഴിച്ച റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് എംഎല്‍എമാര്‍
1339798
Sunday, October 1, 2023 11:41 PM IST
കോട്ടയം: ജലജീവന്‍ മിഷന് പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് എംഎല്‍എമാർ. ആസൂത്രണസമിതി സെക്രട്ടേറിയറ്റില്‍ നടന്ന ജില്ലാ ആസൂത്രണസമിതി യോഗത്തിലാണ് എംഎല്‍എമാര്‍ ആവശ്യം ഉന്നയിച്ചത്.
വിവിധ മണ്ഡലങ്ങളിലെ റോഡുകളുടെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ നടപടി ആവശ്യപ്പെട്ടത്. ജലജീവന്‍ മിഷന് പദ്ധതി അവലോകനത്തിനായി പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു.
കാഞ്ഞിരപ്പള്ളി മുക്കടയിലെ 868 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ആവശ്യപ്പെട്ടു. മഴക്കാല സാഹചര്യം പരിഗണിച്ച് റോഡുകളുടെ ഓടകളുടെ ശുചീകരണം വേഗത്തില്‍ നടപ്പാക്കണമെന്നും കോട്ടയം നഗരത്തിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സഹായിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞു. കോട്ടയം ജനറല്‍ ആശുപത്രിയിലെ നേത്രരോഗവിഭാഗം പ്രവര്‍ത്തനം നിലച്ചത് സംബന്ധിച്ചും അദ്ദേഹം ആരാഞ്ഞു. നേത്രരോഗവിഭാഗം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ മറുപടി നല്കി.
ചങ്ങനാശേരി ഗവ. ആശുപത്രിയില്‍ സ്ഥലം മാറിപ്പോയ ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് ജോബ് മൈക്കിള്‍ എംഎല്‍എ ആരാഞ്ഞു. പകരം ഡോക്ടര്‍മാരെ നിയമിച്ചതായി ഡിഎംഒ അറിയിച്ചു. ആശുപത്രിയില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഓപ്പറേറ്റര്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം മുടങ്ങിയ സ്ഥിതിയിലാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
ജലജീവന്‍ പദ്ധതിക്കായി കുഴിച്ച റോഡുകള്‍ വളരെ ശോചനീയാവസ്ഥയിലാണെന്നും റോഡുനിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കായ പാലാ സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ജോസ് കെ. മാണി എംപിയുടെ പ്രതിനിധി ജെയ്സണ്‍ മാന്തോട്ടം പറഞ്ഞു.