ഈരാറ്റുപേട്ട : ഇന്നലെ ഒരു മണിക്കൂർ ശുചീകരണത്തിന് നാട് ഇറങ്ങിയപ്പോൾ ആശങ്കയായിരുന്നു മഴ. എന്നാൽ ശുചീകരണം തുടങ്ങിയതോടെ മഴ തോർന്ന് മാനം തെളിഞ്ഞു നിന്നു. ഒപ്പം വിവിധ സ്ഥലങ്ങളിൽ കുന്നുകൂടിയ മാലിന്യങ്ങളിൽ മിക്കതും നീക്കി ശുചീകരിക്കാനായി.
നഗരസഭ പരിധിയിൽ മുഴുവൻ വാർഡുകളിലും രണ്ട് സ്ഥലങ്ങൾ വീതമായിരുന്നു ശുചീകരണം. കേന്ദ്ര സർക്കാർ നിർദേശപ്രകാരം സ്വച്ഛതാ ഹി സേവാ കാമ്പയിൻ ഭാഗമായാണ് രാജ്യമൊട്ടാകെ ഇന്നലെ രാവിലെ പത്ത് മുതൽ 11 മണി വരെ നടന്ന ഒരു മണിക്കൂർ ശുചീകരണത്തിൽ ഈരാറ്റുപേട്ട നഗരസഭയും പങ്കാളിയായത്.
ഇന്ന് ഗാന്ധിജയന്തി ദിന ഭാഗമായി സംസ്ഥാന സർക്കാർ നിർദേശപ്രകാരം വിപുലമായ ശുചീകരണം നടക്കും. സർക്കാർ ആശുപത്രി, നിർദിഷ്ട ഹെൽത്ത് വെൽനസ് കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ശുചീകരണം നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് ശുചിത്വ പാലന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷെഫ്ന അമീൻ അധ്യക്ഷത വഹിക്കും.
ഇന്നലെ വിവിധ വാർഡുകളിൽ ഹരിതകർമസേന, ടീം എമർജൻസി, തൊഴിലുറപ്പ് അംഗങ്ങൾ, സാനിറ്റേഷൻ വർക്കേഴ്സ് എന്നിവർക്കൊപ്പം കൗൺസിലർമാരായ പി.എം. അബ്ദുൾ ഖാദർ, ഫാത്തിമ ഷാഹുൽ, സുനിത ഇസ്മായിൽ, എസ്.കെ. നൗഫൽ, ഡോ. സഹല ഫിർദൗസ്, പി.എഫ്. ഫൈസൽ, അനസ് പാറയിൽ, ഫസിൽ റഷീദ്, ലീന ജെയിംസ്, സുനിൽ കുമാർ, നൗഫിയ ഇസ്മായിൽ, ഫാസില അബ്സാർ, അൻസൽന പരീക്കുട്ടി, ഫാത്തിമ സുഹാന തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
വിവിധ വാർഡുകളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ പ്രവർത്തകരെയും നഗരസഭ ചെയർപേഴ്സൺ അഭിനന്ദിച്ചു.