മുണ്ടക്കയത്തെ വിദേശ മദ്യവിൽപ്പനശാലയ്ക്കു സമീപം മോഷണം പെരുകുന്നു
1339511
Sunday, October 1, 2023 12:37 AM IST
മുണ്ടക്കയം: പൈങ്ങനായിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിന് സമീപത്ത് മോഷണം വർധിക്കുന്നു. വിദേശ മദ്യ വിൽപ്പന ശാലയ്ക്ക് സമീപവും ദേശീയപാതയുടെ വശങ്ങളിലും പാർക്കു ചെയ്യുന്ന വാഹനങ്ങൾ കുത്തിത്തുറന്ന് പണവും അനുബന്ധ രേഖകളും മോഷ്ടിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.
മുപ്പത്തഞ്ചാം മൈൽ സ്വദേശി കുന്നിൽ വിനോദ് കുമാറിന്റെ 5000 രൂപയും ആധാർ കാർഡ്, ലൈസൻസ് അടക്കമുള്ള രേഖകളും മോഷ്ടാക്കൾ അപഹരിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിനോദ് കുമാർ പോലീസിൽ പരാതി നൽകി.
സമാനമായ രീതിയിൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷന് സമീപം സർവീസ് നടത്തുന്ന രണ്ട് ഓട്ടോറിക്ഷ തൊഴിലാളികളുടെ പണവും പൈങ്ങന ബിവറേജ് ഔട്ട് ലെറ്റിന് സമീപത്തുനിന്ന് മോഷ്ടാക്കൾ കവർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രദേശത്ത് മോഷണം വർധിച്ചതായി സമീപത്തെ വ്യാപാരികളും പറയുന്നു.
വിദേശ മദ്യ വിൽപ്പന ശാലയിലേക്കും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്ത് ആവശ്യങ്ങൾ നിറവേറ്റി മടങ്ങി എത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഓട്ടോറിക്ഷകളുടെ ഡാഷ്ബോർഡ് കുത്തി തുറന്ന് ഇതിൽ സൂക്ഷിക്കുന്ന പണവും രേഖകളുമാണ് മോഷ്ടാക്കൾ കവരുന്നത്.
ചെറിയ മോഷണങ്ങൾക്ക് പലരും പരാതിയുമായി മുന്നോട്ടു പോകാറില്ല. ബിവറേജ് ഔട്ട് ലെറ്റും സമീപപ്രദേശങ്ങളും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നതായി ആക്ഷേപമുണ്ട്. പലപ്പോഴും ഇവിടെ വാക്കു തർക്കവും കയ്യാങ്കളിയും പതിവാണ്.
കൂടാതെ ദേശീയപാതയുടെ വശങ്ങളിൽ വാഹനങ്ങൾ പതിവായി പാർക്ക് ചെയ്യുന്നതുമൂലം ഈ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്.
മുണ്ടക്കയം പോലീസിന്റെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്താറുണ്ടെങ്കിലും എല്ലാ സമയങ്ങളിലും ഇത് സാധ്യമാകാറില്ല. ഇത് മുതലെടുത്താണ് മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും മേഖലയിൽ അഴിഞ്ഞാടുന്നത്.