പുലിക്കുന്ന് ഇല്ലിക്കൂപ്പ് മാലിന്യം വലിച്ചെറിയാനുള്ള സ്ഥലമോ?
1338771
Wednesday, September 27, 2023 10:23 PM IST
മുണ്ടക്കയം: പുലിക്കുന്ന് ഇല്ലിക്കൂപ്പിലെ മാലിന്യം തള്ളൽതടയാൻ കർമപദ്ധതി തയാറാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. പുലിക്കുന്ന് ഇല്ലിക്കുപ്പിൽ പ്രകൃതി സൗഹൃദ വിശ്രമ കേന്ദ്രം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൂഞ്ഞാർ - എരുമേലി സംസ്ഥാനപാതയിൽ പുലിക്കുന്ന് ടോപ്പിന് സമീപമുള്ള ഇല്ലിക്കൂപ്പിലാണ് മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നത്.
ദൂരെ സ്ഥലങ്ങളിൽനിന്നുവരെ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നതു പതിവായി മാറിയിരിക്കുകയാണ്. വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേതുമടക്കം ലോഡുകണക്കിനു മാലിന്യമാണ് പാതയോരത്തെ ഇല്ലിക്കൂട്ടത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇതോടെ പ്രദേശമാകെ ദുർഗന്ധപൂരിതമാണ്. വ്യാപകമായ മാലിന്യ നിക്ഷേപംമൂലം ഇവിടെ ഇപ്പോൾ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടേയും തെരുവുനായയ്ക്കളുടെയും വിഹരകേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാരെ വന്യമൃഗങ്ങൾ ആക്രമിക്കുന്നതും അപകടത്തിൽ പരിക്കേൽക്കുന്നതും പതിവ് സംഭവമാണ്. പ്രദേശത്ത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്.
മാലിന്യം തള്ളൽ തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നു നിരവധി തവണ പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. സംസ്ഥാന പാതയോടു ചേർന്ന് ഇല്ലികൾ ഓരോ കൂട്ടങ്ങളായി ഇടതൂർന്ന് വളരുന്ന പ്രദേശമാണിത്. സമീപത്തായി ചെറിയ നീർച്ചാലുമുണ്ട്.
ഇല്ലിക്കൂട്ടങ്ങളുടെ ചുവട്ടിലുള്ള കാടുകൾ വെട്ടിത്തെളിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഇതിനോട് ചേർന്ന് ഇരിപ്പിടങ്ങൾ സജ്ജമാക്കിയാൽ വാഹന യാത്രക്കാർക്കും പ്രദേശവാസികൾക്കും വിശ്രമിക്കാനുള്ള ഇടമായി ഇവിടം മാറ്റാം. ഒപ്പം നിരീക്ഷണ കാമറയും പോലീസിന്റെ പരിശോധനയും ശക്തമാക്കിയാൽ മേഖലയിൽ വർധിച്ചുവരുന്ന മാലിന്യ നിക്ഷേപം തടയുവാൻ കഴിയും. ഒപ്പം പ്രകൃതി സൗഹൃദ വിശ്രമ കേന്ദ്രമായി ഈ മേഖലയെ മാറ്റിയെടുക്കാനും സാധിക്കുമെന്നു നാട്ടുകാർ പറയുന്നു.