ഉദ്ഘാടനത്തിനൊരുങ്ങി തുരുത്തുമ്മ തൂക്കുപാലം ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി
1338323
Monday, September 25, 2023 11:21 PM IST
മറവന്തുരുത്ത്: ഉത്തരവാദിത്ത ടൂറിസം രംഗത്ത് ലോകശ്രദ്ധയാകര്ഷിച്ച മറവന്തുരുത്ത് പഞ്ചായത്തിലെ വാട്ടര് സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി നിര്മിച്ച ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി ഉദ്ഘാടനത്തിനൊരുങ്ങുന്നു. മറവന്തുരുത്ത് തുരുത്തുമ്മ തൂക്കുപാലത്തിനോടു ചേര്ന്നാണ് ഫ്ലോട്ടിംഗ് ബോട്ട് ജെട്ടിയുടെ നിര്മാണം പൂര്ത്തീകരിച്ചത്. മറവന്തുരുത്തിലെ വിവിധ ഭാഗങ്ങളില് നടപ്പാക്കി ശ്രദ്ധയാകര്ഷിച്ച ആര്ട്ട് സ്ട്രീറ്റ് പദ്ധതിക്കു പിന്നാലെയാണ് പ്രദേശത്തെ ഉള്നാടന് ജലഗതാഗത ടൂറിസം സാധ്യതകള് വിപുലീകരിക്കുന്നതിനായി വാട്ടര് സ്ട്രീറ്റ് പദ്ധതിയുമായി ടൂറിസം വകുപ്പ് മുന്നോട്ടുപോകുന്നത്.
ജലാശയങ്ങളെ പുനരുജ്ജീവിപ്പിച്ച് ടൂറിസം പ്രവര്ത്തനങ്ങള്ക്കായി ഉപയോഗപ്പെടുത്തുന്ന വാട്ടര് സ്ട്രീറ്റ് പദ്ധതിയുടെ വിപുലീകരണത്തിനായി മറവന്തുരുത്തിലെ തുരുത്തുമ്മ, ആറ്റുവേലക്കടവ് എന്നിവിടങ്ങളില് ഫ്ളോട്ടിംഗ് ബോട്ട് ജെട്ടി അടക്കമുള്ള നിര്മാണ പ്രവര്ത്തനങ്ങള്ക്കായി സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിരുന്നു.
ഇതില്നിന്നും 26.74 ലക്ഷം രൂപ ചെലവഴിച്ചാണ് തുരുത്തുമ്മ തൂക്കുപാലത്തിനോട് ചേര്ന്ന് ഫ്ലോട്ടിംഗ് ബോട്ട് ജെട്ടിയുടെ നിര്മാണം പൂര്ത്തീകരിച്ചത്. ആറ്റുവേലക്കടവിലെ ഫ്ലോട്ടിംഗ് ബോട്ട് ജെട്ടിയുടെ നിര്മാണത്തിനായി 52.27 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ നിര്മാണവുമായി ബന്ധപ്പെട്ട നടപടികള് പുരോഗമിക്കുകയാണ്.
സംസ്ഥാന സര്ക്കാര് സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്ഡ് ഇന്ലാന്ഡ് നാവിഗേഷന് കോര്പറേഷന്റെ നേതൃത്വത്തിലായിരുന്നു ജെട്ടിയുടെ നിര്മാണ പ്രവര്ത്തനങ്ങള് പൂര്ത്തീകരിച്ചത്. ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി പ്രവര്ത്തനമാരംഭിക്കുന്നതോടുകൂടി ഹൗസ് ബോട്ട് ടൂറിസം, കയാക്കിംഗ് തുടങ്ങിയവയിലൂടെ വിനോദസഞ്ചാരികളെ ആകര്ഷിക്കുന്ന പ്രവര്ത്തനങ്ങള്ക്കാണ് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.