തിലകൻ സ്മാരക പാർക്കും തടാകവും നശിക്കുന്നു
1282580
Thursday, March 30, 2023 10:21 PM IST
പെരുവന്താനം: മലയാളത്തിന്റെ എക്കാലത്തെയും അനശ്വര പ്രതിഭയായ മഹാനടൻ തിലകന്റെ ഓർമയ്ക്കായി ജന്മനാട്ടിൽ നിർമിച്ച പാർക്കും തടാകവും അധികൃതരുടെ അവഗണനമൂലം നശിക്കുന്നു. തിലകന്റെ ജന്മനാടായ മണിക്കല്ലിലാണ് തിലകൻ സ്മാരക പാർക്കും തടാകവും നിർമിച്ചത്. മധ്യകേരളത്തിൽതന്നെ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച പദ്ധതികളിൽ ഒന്നായിരുന്നു പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിൽ നിർമിച്ച പാർക്ക്. പെരുവന്താനം പഞ്ചായത്തിലെ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്താണ് പദ്ധതി പ്രവർത്തനം ആരംഭിച്ചത്.
ചെക്ക് ഡാം നിർമിച്ചു വെള്ളം കെട്ടിനിർത്തി അതിൽ പെഡൽ ബോട്ട് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കൂടാതെ വിനോദസഞ്ചാരികൾക്കു കുളിക്കാനുള്ള ശുചിമുറിയും ഇരിപ്പിട സജീകരണങ്ങളും കോഫി ഷോപ്പുമെല്ലാം ഇവിടെ പ്രവർത്തിച്ചിരുന്നു. വള്ളിയാങ്കാവ് ദേവീക്ഷേത്രം, പാഞ്ചാലിമേട് ടൂറിസം കേന്ദ്രം തുടങ്ങിയ മേഖലകളിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിക്കും വിധമാണ് പദ്ധതി ഒരുക്കിയിരുന്നത്. പദ്ധതിയോട് അനുബന്ധിച്ച നിരീക്ഷണ കാമറകളും ഹൈമാസ്റ്റ് ലൈറ്റുമെല്ലാം ക്രമീകരിച്ചിരുന്നു. എന്നാൽ, ഇന്ന് ഇതെല്ലാം പ്രവർത്തനരഹിതമാണ്.
പ്രളയം തകർത്തു
പ്രളയത്തിൽ കുത്തിയൊഴുകിയെത്തിയ മണ്ണും കല്ലും ചെക്ക് ഡാമിൽ നിറഞ്ഞതോടെ പെഡൽ ബോട്ടുകൾ ഇറക്കാൻ കഴിയാതെയായി. ഇതു പരിഹരിക്കാൻ ശ്രമം ഉണ്ടാകാതിരുന്നതോടെ പ്രതിസന്ധിയായി. പെഡൽ ബോട്ട് കരയ്ക്കു കയറ്റിവച്ചതും പിന്നീട് ഇവ കാടുകയറി മൂടിയതും വലിയ വിവാദത്തിന് ഇടയായി. നാളുകൾക്കു ശേഷം കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിക്കു നൽകി പ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.
മണിക്കല്ലിലെ പാർക്ക്
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നായിരുന്നു പെരുവന്താനം പഞ്ചായത്തിലെ മണിക്കൽ ലേക്ക് ആൻഡ് പാർക്ക്. സമാനമായ രീതിയിൽ പദ്ധതി ആവിഷ്കരിക്കുമെന്നു നിരവധി രാഷ്ട്രീയപാർട്ടികളാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ചത്. ഇപ്പോൾ പദ്ധതി പരാജയമാണെന്നു ചൂണ്ടിക്കാട്ടി ഇത്തരം പ്രവർത്തനങ്ങളിൽനിന്നു സമീപ പഞ്ചായത്തുകളും പിന്നോട്ടു പോയിരിക്കുകയാണ്.
പരാജയ കാരണം
വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ പദ്ധതി നടപ്പിലാക്കിയതാണ് പരാജയപ്പെടാൻ കാരണമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഇപ്പോൾ ഇറിഗേഷൻ കുപ്പിന്റെ നേതൃത്വത്തിൽ ചെക്ക് ഡാമിന്റെ വശങ്ങളിലെ സംരക്ഷണഭിത്തിയുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിനായി ചെക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്നു കൊടുക്കുകയും ചെയ്തു.
പാർക്ക് തുറക്കും
പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിൽ നിർമിച്ചിട്ടുള്ള ലേക്ക് ആൻഡ് പാർക്കിന്റെ പോരായ്മകൾ പരിഹരിച്ചു ശാസ്ത്രീയമായ രീതിയിൽ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി പറഞ്ഞു. ഇതിനായി എട്ടു ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ എത്രയും വേഗം നവീകരണം പൂർത്തിയാക്കാനുള്ള ശ്രമങ്ങളുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ടു പോകുമെന്നും പ്രസിഡന്റ് അറിയിച്ചു.ക്കല്ലിലെ ലേക്ക് ആൻഡ് പാർക്ക്.