ദേ, നമ്മുടെ കളക്ടറാ റേഷന്‍ തന്നത്..!
1280685
Friday, March 24, 2023 11:56 PM IST
കുറവിലങ്ങാട്: വ്യാഴാഴ്ച രാവിലെ ഉഴവൂര്‍ ടൗണിലെ റേഷന്കടയിലെത്തിയവര്ക്കൊക്കെ ഒരു സംശയം. കസേരയിലിരിക്കുന്ന പതിവ് റേഷന്‍ കടക്കാരനൊരു മാറ്റം.
കടയിലുള്ളത് സ്ത്രീയാണ്. എന്തുമാറ്റമെന്ന് മനസിലാകുന്നുമില്ല. പച്ചനിറത്തിലുള്ള സാരിയും ബ്ലൗസുമാണ് വേഷം. കണ്ണടയുമുണ്ട്. ഏറെ സൗമ്യമായ പെരുമാറ്റം. വേണ്ട റേഷന്‍ സാധനങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നു. മെഷീന് ബില്ലടിച്ച് നല്കുന്നു. കടയുടെ സേവനം എങ്ങനെയെന്ന് അന്വേഷണവും. പുതിയ റേഷന്‍ വ്യാപാരിയെ ശ്രദ്ധിച്ചപ്പോള്‍ എവിടെയോ കണ്ടിട്ടില്ലെയെന്ന പലര്‍ക്കും സംശയം.
ഒടുവിലാണ് പലര്‍ക്കും മനസിലായത്, പത്രത്താളുകളിലും ദൃശ്യമാധ്യമങ്ങളിലും കണ്ടിട്ടുള്ള നമ്മുടെ ജില്ലാ കളക്ടറാണ് കടയിലെന്ന്. കളക്ടര്‍ ബില്ലടിച്ച് നല്കിയ റേഷന്‍ വാങ്ങിയവരൊക്കെ അല്പം ഗമയോടെ ടൗണിലിറങ്ങി പറഞ്ഞു, ദേ നമ്മുടെ ജില്ലാ കളക്ടറാ ഇന്ന് റേഷന്‍ തന്നത്. വിവരമറിഞ്ഞ് പലരും എത്തിയപ്പോഴേക്കും കടയിലെ ഇരിപ്പിടത്തില്‍ പതിവു വ്യാപാരിയെയാണ് കാണാനായത്.
റേഷന്‍ കടകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ ഉഴവൂര്‍ ടൗണിലെ കടയിലെത്തിയത്. കടയിലെത്തി റേഷന്‍ വ്യാപാരി നല്കുന്ന അതേ സേവനങ്ങള്‍ ജനത്തിന് സമ്മാനിച്ചായിരുന്നു കളക്ടറുടെ ഇടപെടലുകള്‍. ഭക്ഷ്യസുരക്ഷ പൊതുവിതരണസംവിധാനത്തിന്റെ പരിശോധനകളുടെ ഭാഗമായാണ് ജില്ലാ കളക്ടറെ ഉള്‍പ്പെടുത്തിയ പരിശോധന നടത്തിയത്. ഉഴവൂരിനൊപ്പം പൂവത്തിങ്കലിലെ കടയിലും പരിശോധന നടത്തി.
റേഷന്‍ സാധനങ്ങളുടെ അളവും തൂക്കങ്ങളുമടക്കം പരിശോധിച്ചാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്.