ചെറിയനാട് റെയിൽവേ അടിപ്പാതയിലെ ദുരിതത്തിന് അറുതിയില്ല; യാത്രക്കാർ വലയുന്നു
1545788
Sunday, April 27, 2025 4:29 AM IST
ചെങ്ങന്നൂര്‍: മാവേലിക്കര-കോഴഞ്ചേരി റോഡിലെ ചെറിയനാട് റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ട് യാത്രക്കാരുടെ പേടിസ്വപ്നമായി തുടരുകയാണ്. ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് ഓട നിര്‍മിച്ചിട്ടും ഈ ദുരിതത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതു വ്യാപകമായ പ്രതിഷേധത്തിനു കാരണമാകുന്നു.
ചെറിയ മഴയില്‍പോലും അടിപ്പാതയില്‍ വെള്ളം നിറയുന്നതു പതിവായതോടെയാണ് ചെറിയനാട് പഞ്ചായത്ത് എട്ടു ലക്ഷം രൂപ ചെലവഴിച്ച് ഓട നിര്‍മിച്ചത്. നിര്‍ഭാഗ്യവശാല്‍ ഈ ഓടയിലേക്കു വെള്ളം ഒഴുകിയെത്താനുള്ള ഒരു സംവിധാനംപോലും അധികൃതര്‍ ഒരുക്കിയിട്ടില്ല. ഇതോടെ ഈ ശ്രമം വിഫലമായി. അടിപ്പാതയുടെ വശങ്ങള് ചെരിച്ച് കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം ഓടയിലേക്ക് എത്തിച്ചാല്‍ ഈ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
എന്നാല്‍, അറ്റകുറ്റപ്പണികള്‍ നടത്താന്‍ റെയില്‍വേ തയാറാകുന്നില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ കുറ്റപ്പെടുത്തുന്നു. വെള്ളം കെട്ടിനിന്നിരുന്നതിനാല് രൂപപ്പെട്ട വലിയ കുഴികളും അടിപ്പാതയില്‍ നിറയെയാണ്. വലിയ കുഴികളും വെള്ളക്കെട്ടും ഒഴിവാക്കാന്‍ ചെങ്ങന്നൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വലതുവശം ചേര്‍ന്നുപോകുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
അഞ്ചുവര്‍ഷം മുന്‍പ് എം.കെ. റോഡ് നവീകരിച്ചതിനു ശേഷമാണ് പാലത്തിന്റെ ഇരുവശവും ഉയര്‍ന്നത്. ഇതാണ് ഇരുവശങ്ങളില്‍ നിന്നുമുള്ള വെള്ളം പാലത്തിന്റെ അടിയിലേക്ക് ഒഴുകിയെത്തുന്നതിനും വെള്ളക്കെട്ട് രൂപപ്പെടുന്നതിനും പ്രധാന കാരണം. ഇതു കണ്ടെത്തി ഏകദേശം പതിനഞ്ചു മാസങ്ങള്‍ക്കു മുന്‍പ് ഈ ഭാഗം ലെവല്‍ ചെയ്ത് ടാര്‍ ചെയ്തിരുന്നു.
ചെറിയ മഴയില്‍പോലും ഇവിടെ വെള്ളം കെട്ടിനില്ക്കുകയും അടിപ്പാതയില്‍ വലിയ കുഴികള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഈ കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അടിപ്പാതയില്‍ എത്തുന്ന വെള്ളം ഒഴുകിപ്പോകാന്‍ ശരിയായ ഒരു സംവിധാനം ഇല്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രശ്നം. ചെളിവെള്ളം തെറിച്ച് ഇരുചക്രവാഹന യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ദേഹത്തു വീഴുന്നത് ഇവിടെ പതിവു കാഴ്ചയാണ്. ഇതു പലപ്പോഴും തര്‍ക്കങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്. ഇരുഭാഗത്തുനിന്നും വളഞ്ഞു വരുന്ന വാഹനങ്ങള്‍ പെട്ടെന്നാണ് വെള്ളക്കെട്ട് കാണുന്നത്. റോഡ് പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നാല വരുന്ന വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും ഇവിടെ വര്‍ധിച്ചു വരുന്നു.
മാവേലിക്കര-കോഴഞ്ചേരി റോഡിലെ ചെങ്ങന്നൂര്‍, തഴക്കര എന്നീ റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടിട്ടും ചെറിയനാട്ടെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ശ്രീവിജേശ്വരി ഹൈസ്കൂള്‍, ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ചെറിയനാട് എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ സൈക്കിളിലും കാല്‍നടയായിട്ടും പോകുന്ന ഈ വഴിയിലെ ദുരിതം എത്രയും പെട്ടെന്നു പരിഹരിച്ചില്ലെങ്കില്‍ വന്‍അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.
എംകെ റോഡിന്റെ പരിപാലന ചുമതല പിഡബ്ല്യുഡി നേരിട്ടല്ല നിര്‍വഹിക്കുന്നത്. പിഡബ്ല്യുഡി മെയിന്റനൻസ് വിഭാഗത്തിനാണ് ഇതിന്റെ ചുമതല. റെയില്‍വേയും ഈ വിഭാഗവും ഒരുമിച്ച് ചേര്‍ന്ന് ഈ ഗുരുതരമായ പ്രശ്നത്തിന് എത്രയും പെട്ടെന്നു ശാശ്വത പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
നേതാക്കൾ പ്രതികരിക്കുന്നു
മാവേലിക്കര കോഴഞ്ചേരി റോഡില്‍ ചെറിയനാട് റെയില്‍വേ അടിപ്പാതയില്‍ വെള്ളം കെട്ടിക്കിടക്കുന്നതു മൂലം ഉണ്ടാകുന്ന യാത്രാദുരിതം അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്നു ചൂണ്ടിക്കാട്ടി ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപ്ലയാലിന് കത്തു നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും പലതവണ നിവേദനം നല്‍കിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാതെ കടുത്ത അസൗകര്യം സൃഷ്ടിക്കുകയും ഗുരുതരമായ സുരക്ഷാപ്രശ്നങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. റെയില്‍വേ അടിപ്പാതയ്ക്കു കീഴിലുള്ള സ്ട്രെച്ച് റെയില്‍വേയുടെ പരിധിയില്‍ വരുന്നതിനാല്‍ റെയില്‍വേ അടിയന്തരമായി ഇടപെട്ട് വിഷയത്തില്‍ പരിഹാരം ഉണ്ടാക്കേണ്ടതാണ്. റെയില്‍വേക്ക് ജോലി ഏറ്റെടുക്കാന്‍ കഴിയാത്ത പക്ഷം, നിരക്ഷേപപത്രം നല്കിയാല് ഉടന്‍തന്നെ ജോലി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തയാറാണ്. വകുപ്പ് റോഡ് മെയിന്റനന്‍സ് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇക്കാര്യം സൂചിപ്പിച്ച് റെയില്‍വേക്കു കത്ത് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സജി ചറിയാന്‍ (ചെങ്ങന്നൂര്‍ എംഎല്‍എ, സാംസ്കാരിക വകുപ്പ് മന്ത്രി)
മാവേലിക്കര കോഴഞ്ചേരി റോഡില്‍ ചെറിയനാട് ജംഗ്ഷനു വടക്കുഭാഗത്തുള്ള റെയില്‍വേ അടിപ്പാതയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പഞ്ചായത്ത് എട്ടു ലക്ഷം രൂപ മുടക്കി ഓട നിര്‍മിച്ചിട്ടും ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാത്തത് റെയില്‍വേ അധികൃതരുടെ കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നത്.
റെയില്‍വേ അടിപ്പാതയിലെ മഴവെള്ളം ഓടയിലേക്ക് ഒഴുക്കാനുള്ള ശരിയായ സംവിധാനം ഇല്ലാത്തതാണ് ഇപ്പോഴും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. ഇതു യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ദുരിതമുണ്ടാക്കുന്നു.
ഈ വിഷയത്തില്‍ റെയില്‍വേ അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ഓടയിലേക്കു വെള്ളം ഒഴുകുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. അല്ലാത്തപക്ഷം, നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ നടത്തും.
ഒ.ടി. ജയമോഹന് (ചെറിയനാട് പഞ്ചായത്ത് നാലാം വാർഡ് മെംബര്‍)