എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇന്നു കൊടിയേറും
1545771
Sunday, April 27, 2025 4:26 AM IST
എടത്വ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇന്നു കൊടിയേറും. മേയ് 14ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും. പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും.
കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്നിന്നുള്പ്പെടെയുള്ള ആയിരക്കണക്കിന് തീര്‍ഥാടകര്‍ തിരുനാളില്‍ പങ്കെടുക്കാനായി ഇന്നു മുതല്‍ എടത്വ പള്ളിയിലേക്ക് എത്തിച്ചേരും. മേയ് മൂന്നിനു രാവിലെ 5.45ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പള്ളിയുടെ പ്രധാനകവാടത്തില്‍ സ്ഥാപിക്കുന്നതോടെ പെരുന്നാളിന് തിരക്കേറും.
ഇന്നു പുലര്‍ച്ചെ 5.45ന് മധ്യസ്ഥപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന. തുടർന്ന് വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റും. നാളെ മുതല്‍ തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും 4.30ന് തമിഴ് കുര്‍ബാന, 5.45ന്, 7.45ന്, 10ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, കുര്‍ബാന, രാത്രി ഏഴിന് കുരിശടിയില്‍ മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും. മേയ് ഒന്നു മുതല്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് തമിഴില്‍ വിശുദ്ധ കുര്‍ബാനയും നടക്കും.
മൂന്നിന് പാലക്കാട് സുല്‍ത്താന്‍പേട്ട് രൂപത ബിഷപ് റവ. ഡോ. പീറ്റര്‍ അബീര്‍ അന്തോനിസ്വാമിയുടെ കാര്‍മികത്വത്തിലും നാലിന് സീറോ മലബാര്‍ കുരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ കാര്‍മികത്വത്തിലും അഞ്ചിനു രാവിലെ 7.45ന് തിരുവല്ലാ അതിരൂപത ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കുറിലോസിന്റെ മുഖ്യകാര്‍മികത്വത്തിലും ആറിനു രാവിലെ ഒന്‍പതിന് തക്കല രൂപത മത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ കാര്‍മികത്വത്തിലും ഉച്ചകഴിഞ്ഞ് 3.45ന് പാളയംകോട്ട് ബിഷപ് എമിരിറ്റസ് റവ. ഡോ. ജൂഡ് പോള്‍ രാജിന്റെ കാര്‍മികത്വത്തിലും ഏഴിനു രാവിലെ 5.45ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് എമിരിറ്റൂസ് മാര്‍ ജോസഫ് പെരുന്തോട്ടത്തിലിന്റെ കാര്‍മികത്വത്തിലും മധ്യസ്ഥപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. ആറിനു വൈകുന്നേരം അഞ്ചിന് ചെറിയ രൂപവും എുന്നള്ളിച്ചുള്ള പ്രദക്ഷിണം. പ്രധാന തിരുനാള്‍ദിനമായ ഏഴിന് വൈകുന്നേരം മൂന്നിന് തമിഴ് തിരുനാള്‍ വിശുദ്ധ കുര്‍ബാന - തൂത്തുക്കുടി രൂപത ബിഷപ് റവ. ഡോ. സ്റ്റീഫന്‍ ആന്റണി പിള്ളൈ കാര്‍മികത്വം വഹിക്കും. നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുത തിരുസ്വരൂപം വഹിച്ചുള്ള തിരുനാള്‍ പ്രദക്ഷിണം നടക്കും. ഫാ. ആന്‍ഡ്രൂസ് കുന്നത്ത് കാര്‍മികത്വം വഹിക്കും.
ഏഴിനു വിശുദ്ധനെ വണങ്ങി അരി, മലര്, ഉപ്പ്, നല്ലമുളക്, കഴിനൂല് എന്നീ നേര്‍ച്ചകള്‍ സ്വീകരിച്ച് തമിഴ്നാട്ടുകാര്‍ മടങ്ങുമ്പോള്‍ നാട്ടുകാരുടെ പെരുന്നാള്‍ തുടങ്ങും. 14ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും. 14ന് ഉച്ചയ്ക്ക് രണ്ടിന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. സ്കറിയ കന്യാകോണിലിന്റെ കാര്‍മികത്വത്തില്‍ മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, കുര്‍ബാന. വൈകുന്നേരം നാലിന് കുരിശടിയിലേക്കു പ്രദക്ഷിണവും കൊടിയിറക്കവും. രാത്രി 9.30ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം തിരുനടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും.
എടത്വ പള്ളിയില്‍ ഇന്ന്
എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ രാവിലെ 5.45ന് സപ്രാ, മധ്യസ്ഥപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കൊടിയേറ്റ് - ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ (വികാരി), 7.45 ന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, 10ന് വിശുദ്ധ കുര്‍ബാന (തമിഴ് സീറോ മലബാര്‍) - ഫാ. പീറ്റര്‍ കിഴക്കേതില്‍, ഫാ. അജിന് സി. ജോസഫ്, ഉച്ചയ്ക്ക് രണ്ടിന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. സൈമണ്‍, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ജേക്കബ് കുഴിപ്പള്ളി, ആറിന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. ദുരൈസ്വാമി, ഏഴിന് മധ്യസ്ഥപ്രാര്‍ഥന (കുരിശടിയില്‍).