കൂട്ടുംവാതുക്കൽക്കടവ് പാലം കാമറ നിരീക്ഷണത്തിൽ
1545787
Sunday, April 27, 2025 4:29 AM IST
കായംകുളം: വർണവെളിച്ചത്തിന്റെ പ്രഭയിൽ വിസ്മയം തീർക്കുന്ന കൂട്ടുംവാതുക്കൽക്കടവ് പാലത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. യു. പ്രതിഭ എംഎൽഎയുടെ പ്രത്യേക വികസനനിധിയിൽനിന്ന് അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് ഏഴു നിരീക്ഷണ കാമറകളാണ് പാലത്തിൽ സ്ഥാപിച്ചത്.
40 കോടി രൂപ വിനിയോഗിച്ച് കണ്ടല്ലൂർ പഞ്ചായത്തിനെയും ദേവികുളങ്ങര പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടംവാതുക്കൽക്കടവ് പാലം വർണപ്പൊലിമയിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇപ്പോൾ മാറിയിരിക്കുകയാണ് . 75.50 ലക്ഷം രൂപ വിനിയോഗിച്ച് കേരളത്തിൽ ആദ്യമായി നിറം മാറ്റാൻ കഴിയുന്ന സംവിധാനമുള്ള ഫസാർഡ് ലൈറ്റാണ് കൂട്ടുംവാതുക്കൽക്കടവ് പാലത്തിന്റെ പ്രധാന ആകർഷണം.
ഏകദേശം അഞ്ചുലക്ഷത്തോളം കളറുകൾ മാറ്റിമറിച്ച് പ്രകാശം പരത്താൻ ഈ സംവിധാനത്തിന് കഴിയും. 325 മീറ്റർ നീളമുള്ള പാലത്തിൽ 25 സോളാർ സ്ട്രീറ്റ് ലൈറ്റുകളും പാലത്തിന്റെ ഇരുവശങ്ങളിലുമായി സോളാർ മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പാലം നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്. അഞ്ചു കമാനങ്ങളിലായി ബഹുവർണ കോമ്പിനേഷനിൽ ലഭ്യമാക്കുന്ന പാലത്തിലെ ദീപവിസ്മയം ആസ്വദിക്കാൻ വൈകുന്നേരങ്ങളിൽ അനേകം പേരാണ് ഇവിടേക്ക് എത്തുന്നത്.