നെഹ്റു ട്രോഫി വള്ളംകളി കൂടുതല്‍ പ്രഫഷണലാക്കും
1545769
Sunday, April 27, 2025 4:26 AM IST
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കൂടുതല്‍ പ്രഫഷണല്‍ ആകുന്നു. സ്റ്റാര്‍ട്ടിംഗ്, ഫിനിഷിംഗ് സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഇത്തവണ പ്രത്യേക നടപടികളുണ്ടാകും. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പരാതികളുണ്ടാവുന്നത് ഇത്തവണ മത്സരം നേരത്തേ തുടങ്ങുന്നതു തുടങ്ങി നിരവധി വിഷയങ്ങളില്‍ കളക്ടര്‍ അലക്സ് വര്‍ഗീസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചര്‍ച്ച ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായ അനുഭവങ്ങളാണ് യോഗം നേരത്തേ ചേരാന്‍ പ്രേരിപ്പിച്ചത്.
സ്റ്റാര്‍ട്ടിംഗ് സംവിധാനത്തില്‍ പിഴവു സംഭവിക്കാനുള്ള സാധ്യതയാണ് ഏറ്റവും പ്രധാനമായി ചര്‍ച്ചചെയ്തത്. അടുത്ത തവണ ട്രാക്കുകളും പന്തലുകളും ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരത്തിലുള്ളതാക്കാന് ആലോചനയുണ്ട്. വിവിധ ചുമതലകളുള്ളവര്ക്കു യൂണിഫോം ഏര്‍പ്പെടുത്തിയേക്കും. വള്ളംകളി നടത്തിപ്പിന്റെ വിവിധ മേഖലകളില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം യോഗത്തിലുണ്ടായി. കഴിഞ്ഞ തവണ സ്റ്റാര്ട്ടിംഗിനെയും ഫിനിഷിംഗിനെയും സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ വളരെ സൂക്ഷ്മമായി ചര്‍ച്ച ചെയ്തു.
മത്സരം തുടങ്ങുന്ന സമയത്തു ട്രാക്കില്‍ ഒഫിഷ്യലുകളുടെ ബോട്ട് ഉണ്ടായിരുന്നെന്നും അതു മാറ്റാതെ സ്റ്റാര്‍ട്ടിംഗ് അനുവദിക്കരുതെന്നും പറഞ്ഞിട്ടും അതു പാലിച്ചില്ലെന്നു പരാതിയുണ്ടായി. ഫൈനലിലെ ഫിനിഷിംഗ് സമയം കണക്കാക്കിയതിനെപ്പറ്റിയുണ്ടായ പരാതി കോടതിയിലുമെത്തി. ഇത്തരം പ്രശ്നങ്ങള്‍ ഇത്തവണ ഒഴിവാക്കും. സ്റ്റാര്‍ട്ടിംഗ് സംവിധാനം നിലവിലുള്ള രീതിയില്‍ തന്നെയാകും ഘടിപ്പിക്കുന്നതെങ്കിലും വള്ളങ്ങളുടെ ചുണ്ട് ഒരേപോലെയാക്കിയ ശേഷമാകും സ്റ്റാര്‍ട്ടിംഗ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഒന്നിലേറെ വള്ളങ്ങള്‍ ഒരേ സമയം ഫിനിഷ് ചെയ്താല്‍ സൂക്ഷ്മതയ്ക്കായി സെക്കന്‍ഡിന്റെ നൂറിലൊരു അംശമാണോ ആയിരത്തിലൊന്നാണോ കണക്കാക്കേണ്ടത് എന്ന കാര്യത്തില്‍ നേരത്തേ വ്യക്തത വരുത്തും.
ഇതുള്‍പ്പെടെ ഫിനിഷിംഗിനു മാനദണ്ഡങ്ങളുണ്ടാക്കാന്‍ വിദഗ്ധരുടെ സമിതി രൂപീകരിക്കും. തര്‍ക്കമുണ്ടായാല്‍ സമിതി പരിശോധിച്ച ശേഷമായിരിക്കും ഫലം പ്രഖ്യാപിക്കുക. സ്റ്റാര്‍ട്ടിംഗ് ഉള്‍പ്പെടെ സമിതി പരിശോധിക്കും. ഇത്തരം സാങ്കേതിക വശങ്ങളെല്ലാം ബന്ധപ്പെട്ടവര്‍ ക്യാപ്റ്റന്‍സ് ക്ലിനിക്കില്‍ വിശദീകരിക്കും. സബ് കലക്ടര്‍ സമീര്‍ കിഷന്, കെ.കെ. ഷാജു, സി.കെ. സദാശിവന്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.സി. സജീവ് കുമാര്‍, തോമസ് ജോസഫ്, ആര്.കെ. കുറുപ്പ്, എസ്.എം ഇക്ബാല്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.