പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: മാതാവും രണ്ടാനച്ഛനും അറസ്റ്റിൽ
1545778
Sunday, April 27, 2025 4:26 AM IST
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ മാതാവും അറസ്റ്റിൽ. ചെന്നിത്തലയിൽ വാടകയ്ക്കു താമസിക്കുന്ന യുവതിയെയും രണ്ടാം ഭർത്താവിനെയുമാണ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബറിലാണ് സംഭവം. പെൺകുട്ടി വീട്ടിൽ സിനിമ കണ്ടുകൊണ്ടിരുന്ന സമയത്താണ് രണ്ടാനച്ഛൻ കുട്ടിയെ പീഡിപ്പിച്ചത്. ഈ വിവരം മാതാവിനോടു കുട്ടി പറഞ്ഞെങ്കിലും യാതൊരുവിധമായ നടപടിയും മാതാവ് കൈക്കൊണ്ടിരുന്നില്ല. തുടർന്ന് രണ്ടാനച്ഛന്റെ ഭാഗത്തുനിന്നു കുട്ടിയെ മാനസികമായി തളർത്തുന്ന തരത്തിലുള്ള പെരുമാറ്റം തുടർന്നു വരികയായിരുന്നു.
ഈ സംഭവവും കുട്ടി മാതാവിനോടു പറഞ്ഞെങ്കിലും കുട്ടിക്ക് അനുകൂലമായ നിലപാടൊന്നും ഉണ്ടായില്ല. ഈ മനോവിഷമത്തിൽ കുട്ടി നേരിട്ട് മാന്നാർ പോലീസ് സ്റ്റേഷനിൽ എത്തുകയും മുൻപു നടന്ന പീഡന വിവരം ഉൾപ്പടെ പറഞ്ഞു പരാതി നൽകുകയുമായിരുന്നു.
തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐ ഗിരീഷ്കുമാർ, പ്രൊബേഷൻ എസ്ഐ ജോബിൻ, വനിതാ എഎസ്ഐ മാരായ സ്വർണരേഖ , രജിത , സിനിയർ സിപിഒ സുധീഷ്, സിപിഒ ഹരിപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.