112ൽ പോലീസിനെ വിളിച്ച് വട്ടംചുറ്റിച്ച യുവാവ് അറസ്റ്റിൽ
1545783
Sunday, April 27, 2025 4:28 AM IST
ആലപ്പുഴ: എമർജൻസി കോൾ നമ്പറായ 112ൽ പോലീസിനെ വിളിച്ച് വട്ടംചുറ്റിച്ച യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ കരുമാടി പുത്തൻചിറയിൽ ധനീഷാണ് (33) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 12നാണ് പോലീസ് സഹായം തേടി ഫോൺ ചെയ്തത്. ഓച്ചിറയിലെ സൂപ്പർ മാർക്കറ്റിന് എതിർവശത്തെ ലോഡ്ജിൽ തന്നെ പൂട്ടിയിട്ടിരിക്കുന്നതായാണ് 112ൽ വിളിച്ചറിയിച്ചത്. ഈ വിവരം അവർ കായംകുളം സിആർവിക്ക് കൈമാറുകയും നിമിഷ നേരത്തിനുള്ളിൽ വാഹനം അവിടെ എത്തിയപ്പോൾ ലോഡ്ജ് അകത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു.
ലോഡ്ജിന്റെ ചുമതലക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉദ്യോഗസ്ഥർ ധനുഷിനെ വീണ്ടും ബന്ധപ്പെട്ടപ്പോൾ മുറിയിലുണ്ടെന്ന് അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സംഘത്തിന്റെ സഹായത്തോടെ പൂട്ട് അറുത്തുമാറ്റി അകത്തുകടന്ന് പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. വീണ്ടും 112 ഫോൺവിളി വന്നതിനെത്തുടർന്ന് അന്വേഷണം നടത്തിയ എസ്ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു ലോഡ്ജിൽനിന്ന് ധനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.