പരുമലയിലും കാട്ടുപന്നി; പ്രദേശവാസികൾ ആശങ്കയിൽ
1545785
Sunday, April 27, 2025 4:29 AM IST
മാന്നാർ: മലയോര മേഖലകളിലെ കാട്ടുപന്നി ശല്യം കേട്ടറിവാണങ്കിൽ വനമേഖലയല്ലാത്തയിടങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമായിരിക്കുകയാണ്.
പരുമലയുടെ പല ഭാഗങ്ങളിലും കാട്ടുപന്നി ശല്യം പതിവാണ്.പരുമലയിൽ തെരുവുനായ ശല്യം മൂലം പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ഇപ്പോൾ കാട്ടുപന്നി ഭീഷണി ഉണ്ടായിരിക്കുന്നത്. പരുമല തിക്കപ്പുഴ ഭാഗത്താണ് കഴിഞ്ഞ ദിവസം വലിയ കാട്ടുപന്നിയെ കണ്ടത്. തിക്കപ്പുഴ എള്ളിട്ടക്കാട്ടിൽ വിനോദിന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടുപന്നിയെ കണ്ടത്.
പ്രഭാത സവാരിക്കായി ഇറങ്ങിയപ്പോൾ അസാധാരണമായി നായകൾ കുരയ്ക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് വീടിന്റെ മുറ്റത്ത് കാട്ടുപന്നി നിൽക്കുന്നതായി കണ്ടതെന്ന് വിനോദ് പറഞ്ഞു. ലൈറ്റിട്ട് വിനോദ് പുറത്തേക്കിറങ്ങിയപ്പോൾ കാട്ടുപന്നി തൊട്ടടുത്ത റബർത്തോട്ടത്തിലേക്ക് ഓടിമറഞ്ഞു. പിന്നീട് പ്രഭാത സവാരിക്കിറങ്ങിയ പലരും കാട്ടുപന്നിയെ കണ്ടതായി പറഞ്ഞു. പരുമലയിൽ കാട്ടുപന്നിയെ കണ്ടതോടെ പ്രദേശവാസികൾ ആശങ്കയിലാണ് .