ഒന്പതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു
1545708
Saturday, April 26, 2025 10:31 PM IST
മങ്കൊമ്പ് : വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കുട്ടനാട്ടിലെത്തിയ ആലപ്പുഴ സ്വദേശിയായ ഹൈസ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. ആലപ്പുഴ തത്തംപള്ളി പനക്കണ്ടത്തിൽ തോമസിന്റെ മകൻ മിഖിലാണ് (15) മരിച്ചത്.
ഇന്നലെ രാവിലെ ചേന്നങ്കരിയാറ്റിലായിരുന്നു സംഭവം. സ്കൂളിലെ ജീവനക്കാരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായിട്ടാണ് മറ്റു മൂന്നു സുഹൃത്തുക്കൾക്കൊപ്പം മിഖിൽ രണ്ടു ദിവസം മുൻപ് ചേന്നങ്കരിയിലെത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെ രണ്ടു കൂട്ടുകാർ ആറ്റിൽ കുളിക്കാനിറങ്ങിയിരുന്നു. നീന്തലറിയാത്ത മിഖിലും മറ്റൊരാളും കടവിലിരിക്കുകയായിരുന്നു. ഇതിനിടെ മിഖിൽ കാൽവഴുതി ആറ്റിലേക്കു വീഴുകയായിരുന്നു. ബഹളംകേട്ടു ഓടിയെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞു തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മുതദേഹം കണ്ടെടുത്തത്.
തത്തംപള്ളി സെന്റ് മൈക്കിൾ സ്കൂളിൽ ഒൻപതാംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്ന മിഖിൽ, പാഠ്യേതര വിഷയങ്ങളിലും മികവു തെളിയിച്ചിരുന്നു. മികച്ച ഫുട്ബോൾ താരമായ മിഖിൽ കഴിഞ്ഞ സ്കൂൾ കലോൽസവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്കാരം ഇന്നു മൂന്നിനു തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. മാതാവ്: ഷേർളി. സഹോദരി സ്റ്റെഫി.