ഓട നിര്‍മാണം ഇഴയുന്നു; വേനല്‍മഴയില്‍ മുങ്ങി അരൂര്‍ ക്ഷേത്രം കവല
1545780
Sunday, April 27, 2025 4:26 AM IST
തുറവൂര്‍: അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ ഓടകളുടെ നിര്‍മാണം ഇഴയുന്നു. ഇതിനെത്തുടര്‍ന്നു കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ അരൂര്‍ ക്ഷേത്രം കവലയില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇനിയും മഴ തുടാനുള്ള സാധ്യത നിലനില്‍ക്കേ ഇവിടുത്തെ ജനജീവിതം ദുഃസഹമായി. കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ മുട്ടൊപ്പം വെള്ളത്തിലാണ് സഞ്ചരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയിലാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാതയില്‍ അരൂര്‍-തുറവൂര്‍ ഉയരപ്പാത പണി നടക്കുന്നയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. അരൂര്‍, ചന്തിരൂര്‍, കൊച്ചുവെളിക്കവല, എരമല്ലൂര്‍, കോടംതുരുത്ത് എന്നിവിടങ്ങളിലാണ് ദുരിതമേറെയും.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ അരൂര്‍ മുതല്‍ തുറവൂര്‍ വരെ ഓട നിര്‍മിക്കാന്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടു പദ്ധതിയുണ്ട്. എന്നാല്‍ പഞ്ചായത്തുകളുടെ അലംഭാവം മൂലം ഓട നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12.75 കിലോമീറ്റര്‍ പാതയില്‍ 6.5 കിലോമീറ്ററും അരൂര്‍ പഞ്ചായത്തിന്റെ പരിധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നിട്ടും പഞ്ചായത്ത് അധികൃതര്‍ വെള്ളക്കെട്ട് കണ്ടില്ലെന്നു നടിക്കുകയാണെന്നു ജനങ്ങള്‍ കുറ്റപ്പെടുത്തി.