ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം ഒരുമാസത്തിനുള്ളിലെന്ന് അന്വേഷണസംഘം
1545786
Sunday, April 27, 2025 4:29 AM IST
ആലപ്പുഴ: രണ്ടു കോടി വിലമതിക്കുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുകേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഒരുമാസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ എക്സൈസ് അന്വേഷണസംഘം. പ്രതികളായ തസ്ലീമ സുല്‍ത്താന (ക്രിസ്റ്റീന -41), ഇവരുടെ ഭര്‍ത്താവും മുഖ്യസൂത്രധാരനുമായ സുല്‍ത്താന്‍ അക്ബര്‍ അലി (43), കൂട്ടാളി കെ. ഫിറോസ് (26) എന്നിവരുടെ ചോദ്യം ചെയ്യലില്‍നിന്ന് പ്രാഥമിക തെളിവുകളും വിവരങ്ങളും ലഭിച്ചു.
എന്നാല്‍, ഇതിനു ബലമേകുന്ന ശാസ്ത്രീയ തെളിവുകള്‍ കൂടി സമാഹരിച്ച് കുറ്റപത്രം നല്‍കാനാണ് നീക്കം. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, അതിലെ രേഖകള്‍, ബാങ്ക് ഇടപാടുകള്‍ അടക്കമുള്ള വിവരങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കാന്‍ അയച്ചിട്ടുണ്ട്.
ഇതു റിപ്പോര്‍ട്ടായി ലഭിക്കുമ്പോള്‍ കൃത്യതയോടെയും കുറ്റമറ്റതായും കോടതിയില്‍ സമര്‍പ്പിക്കാനാകും. ഇതിനായി വിവിധ പരിശോധനകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് വേഗത്തിലാക്കും. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, കൊച്ചിയിലെ മോഡല്‍ എന്നിവരോട് തിങ്കളാഴ്ച ആലപ്പുഴ എക്സൈസ് ഡി.സി ഓഫിസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇതുമായി ബന്ധമുള്ള റിയാലിറ്റി ഷോ താരവും സിനിമയിലെ അണിയറ പ്രവര്‍ത്തകനും ചൊവ്വാഴ്ച എത്തുമെന്നാണ് അന്വേഷണസംഘം നല്കുന്ന വിവരം. ഇതോടെ, കേസുമായി ബന്ധപ്പെട്ട് അഞ്ചു പ്രമുഖരെ ചോദ്യംചെയ്യും. ഇതിനു മുന്നോടിയായി കേസുമായി ബന്ധപ്പെട്ട് ഒട്ടേറെയാളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. വെള്ളിയാഴ്ചയും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചിലരെ വിളിപ്പിച്ചിരുന്നു. തസ്ലീമ പല പെണ്‍കുട്ടികളെയും പ്രമുഖര്‍ക്കായി എത്തിച്ചതായിട്ടാണ് വിവരം. ഇതിനൊപ്പം കഞ്ചാവ് ഇടപാടുകളും നടന്നതായിട്ടാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.